മെഡലുകൾ ഗംഗയിലൊഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങളെ തടയില്ലെന്ന് ഹരിദ്വാർ പൊലീസ്

ഡെറാഡൂൺ: മെഡലുകൾ ഗംഗയിലൊഴുക്കുമെന്ന ഗുസ്തി താരങ്ങളുടെ പ്രഖ്യാപനത്തിനു പിന്നാലെ, താരങ്ങളെ തടയില്ലെന്ന് ഹരിദ്വാർ പൊലീസ്. ഹരിദ്വാറിലേക്ക് കടക്കുന്നതിൽ നിന്നോ മെഡലുകൾ ഒഴുക്കി വിടുന്നതിൽ നിന്നോ താരങ്ങളെ തടയുകയില്ല.

ഗുസ്തി താരങ്ങൾക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. അവർ പുണ്യ ഗംഗയിൽ മെഡലുകൾ ഒഴുക്കി വിടാൻ വരികയാണെങ്കിൽ ഞങ്ങൾ അവരെ തടയില്ല. എനിക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അത്തരം നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ല - ഹരിദ്വാർ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു.

ജനങ്ങൾ സ്വർണവും വെള്ളിയും ചാരവുമെല്ലാം ഗംഗയിൽ ഒഴുക്കും. ഗുസ്തി താരങ്ങൾക്ക് വേണമെങ്കിൽ അവരുടെ മെഡലുകളും ഒഴുക്കാം. 15 ലക്ഷത്തോളം തീർഥാടകരാണ് ഗംഗ സപ്തമി ആഘോഷത്തിന് ഹരിദ്വാറിൽ ഗംഗ സ്നാനത്തിനായി എത്തുന്നത്. ഗുസ്തി താരങ്ങളെയും സ്വാഗതം ചെയ്യുന്നു. -അജയ് സിങ് പറഞ്ഞു.

വനിതാ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ സമരത്തിലാണ്.

മെയ് 28ന് പുതിയ പാർലമെന്റ് കെട്ടിട ഉദ്ഘാടന വേളയിൽ പാർലമെന്റിനുമുന്നിൽ മഹിളാ പഞ്ചായത്ത് നടത്തുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിനായി ജന്തർ മന്തറിൽ നിന്ന് മർച്ച് നടത്തിയ താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. അന്ന് രാത്രി വൈകിയാണ് അവരെ വിട്ടയച്ചത്. തൊട്ടുപിറ​കെ അവർക്കെതിരെ കലാപശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

ഇതോടെയാണ് താരങ്ങൾ കടുത്ത സമര രീതിയിലേക്ക് തിരിഞ്ഞത്. തങ്ങൾ ആർക്ക് വേണ്ടിയാണ് മെഡലുകൾ നേടിയതെന്നും തങ്ങളുടെ ജീവിതമാണ് ഇതെന്നും പറഞ്ഞ താരങ്ങൾ ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കാനാകില്ലെന്നും വ്യക്തമാക്കി.

തങ്ങളുടെ കണ്ണീർ കാണാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരിച്ചു കൊടുക്കാൻ താത്പര്യമില്ലെന്നും അതിനാൽ അവ ഗംഗയിലൊഴുക്കി ഇന്ത്യാ ഗേറ്റിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കുമെന്നുമാണ് താരങ്ങൾ പ്രഖ്യാപിച്ചത്.

Tags:    
News Summary - Won’t stop them, says Haridwar SSP on wrestlers’ plan to immerse medals in Ganga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.