ന്യൂഡൽഹി: സ്വന്തം പേരിൽ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്ര മോദിയുടെ വ്യക്തിപരവും ധാർമികവും രാഷ്ട്രീയവുമായ പരാജയമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് ന്യൂഡൽഹിയിൽ ചേർന്ന വിശാല കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. നുണയും വിദ്വേഷവും ഭിന്നിപ്പും മതഭ്രാന്തുമായാണ് മോദി പ്രചാരണം നടത്തിയതെന്ന് സമിതി കുറ്റപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയോട് നന്നായി പൊരുതിയ ഇൻഡ്യ കക്ഷികളെ കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം അഭിനന്ദിച്ചു.
മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ഇൻഡ്യക്ക് ഗുണം ചെയ്തു. ഭരണഘടന സംരക്ഷണം തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാക്കിയത് രാഹുലാണെന്ന് സമിതി വിലയിരുത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കാണിച്ച ഊർജവും നിശ്ചയദാർഢ്യവും പാർട്ടിയിലെല്ലാവർക്കും പ്രചോദനമായി.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ പ്രചാരണത്തിൽ വലിയ സ്വാധീനം ചെലുത്തി. രാജ്യമൊട്ടുക്കും, വിശേഷിച്ചും ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണം എടുത്തുപറഞ്ഞ പ്രമേയം കോൺഗ്രസിന്റെ പ്രകടനത്തിൽ പൊതുവേ സംതൃപ്തി രേഖപ്പെടുത്തി.
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നത് പഠിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി കമ്മിറ്റിയെ നിയോഗിക്കും. സംസ്ഥാനങ്ങൾ സന്ദർശിച്ച് തയാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി തുടർ നടപടികളെടുക്കുമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കോൺഗ്രസ് ഭരണമുള്ള കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ്, യു.പി.എ ഭരണമുള്ള ഝാർഖണ്ഡ് എന്നിവിടങ്ങളിൽ പാർട്ടിയുടെ പ്രകടനം മോശമായെന്നാണ് വിശാല പ്രവർത്തക സമിതി വിലയിരുത്തിയത്. ലോക്സഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി തോറ്റ പശ്ചിമ ബംഗാളിലും കോൺഗ്രസിന്റെ പ്രകടനം മോശമായി.
മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പിലും ദയനീയ പരാജയമേറ്റുവാങ്ങിയ കോൺഗ്രസിന് ഏക സിറ്റിങ് സീറ്റായ ചിന്ത്വാഡയും ഇക്കുറി നഷ്ടപ്പെട്ടു. ഛത്തിസ്ഗഢിൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഒഡിഷയിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല.
തെലങ്കാനയിൽ ബി.ജെ.പിയും ബി.ആർ.എസും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം തെരഞ്ഞെടുത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബി.ആർ.എസ് വോട്ടുമറിച്ചുകൊടുത്തതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതീക്ഷിച്ച വിജയം കൈവരിക്കാതിരുന്ന ബിഹാറിൽ തേജസ്വി യാദവിന്റെ കടുംപിടിത്തം കോൺഗ്രസിന് സീറ്റ് നഷ്ടമുണ്ടാക്കിയെന്നാണ് സംസ്ഥാന കോൺഗ്രസിന്റെ അഭിപ്രായം.
പൂർണിയയിൽ ജയിക്കുമെന്നുറപ്പുള്ള പപ്പു യാദവിന് സീറ്റ് നൽകാൻ വിസമ്മതിച്ച് അത് കൈവശപ്പെടുത്തിയ തേജസ്വി നാല് ദിവസം ക്യാമ്പ് ചെയ്തിട്ടും ആർ.ജെ.ഡി സ്ഥാനാർഥിക്ക് 20,000 വോട്ടു മാത്രമാണ് ലഭിച്ചത്. പപ്പു യാദവാകട്ടെ, സ്വതന്ത്രനായി മത്സരിച്ച് ജയിക്കുകയും ചെയ്തു.
കേരളത്തിൽനിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രവർത്തക സമിതി അംഗം ശശി തരൂർ, സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല, പ്രത്യേക ക്ഷണിതാവ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.