ന്യൂഡൽഹി: കോവിഡ് മഹാമാരി നിയന്ത്രിക്കാൻ ഇന്ത്യ ഏറ്റെടുത്ത ദൗത്യത്തെ ലോകരാജ്യങ്ങൾ മുഴുവന്‍ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് രാഷ്ട്രപതി ജനങ്ങൾക്ക് വേണ്ടി വിവിധ സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ കോവിഡിനെ ചെറുക്കുന്നതിന് കേന്ദ്രസർക്കാർ പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 100 വർഷത്തിനിടെ മനുഷ്യരാശി ഇതുവരെ കാണാത്ത മഹാമാരിയാണ് കോവിഡെന്നും 130 കോടി ജനങ്ങളുള്ള ഇന്ത്യയെങ്ങനെ കോവിഡിനെ തരണം ചെയ്യുമെന്ന് ലോകം ആശങ്കപ്പെട്ടിരുന്നെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ രാജ്യത്തെ ജനങ്ങളുടെ ഇച്ഛാശക്തിയും അച്ചടക്കവും കാരണം കോവിഡിനെ വരുതിയിലാക്കാൻ കഴിഞ്ഞെന്നും രാജ്യത്തിന്‍റെ ക്രിയാത്മകമായ ഇടപെടലുകൾ ലോകവ്യാപകമായി പ്രശംസിക്കപ്പെട്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വാക്‌സിൻ എടുത്തിട്ടുണ്ടെന്നും ഇത് സ്വയം സംരക്ഷിക്കാൻ മാത്രമല്ല മറ്റുള്ളവരുടെ സംരക്ഷണത്തിനും വേണ്ടികൂടിയാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിരവധി ആഗോള വാക്‌സിൻ വിരുദ്ധ പ്രസ്ഥാനങ്ങൾ ലോകത്ത് പ്രചരിക്കുമ്പോഴും ഇന്ത്യയുടെ വാക്സിന്‍ നേട്ടം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുകയാണെന്നും നിരവധി സംരംഭങ്ങളിലൂടെ രാജ്യത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.