മനുഷ്യരാശിക്ക് വൻനാശം വിതച്ച് തേരോട്ടം നടത്തുന്ന സാംക്രമികരോ ഗങ്ങളെയാണ് മഹാമാരിയായി വിശേഷിപ്പിച്ചുവരുന്നത്. മഹാമാരിക ൾ (പാൻഡെമിക്) രാജ്യാതിർത്തികൾ ലംഘിച്ച് വ്യാപിക്കുകയും നിരവധി പേരിലേക്ക് ഒരേസമയം പടർന്നുപിടിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ചവരുടെ എണ്ണമോ അതുമൂലമുണ്ടാകുന്ന മരണമോ മഹാമാരി പ്രഖ്യാപനത്തിന് മാനദണ്ഡമാകാറില്ല.
പകർച്ചവ്യാധി സൃഷ്ടിക്കുന്ന ഭീഷണി ആധാരമാക്കിയാണ് അതിനെ ആ ഗണത്തിൽപെടുത്തുന്നത്. അർബുദം ലോകവ്യാപകമായി നിരവധിപേരുടെ മരണത്തിന് കാരണമാകുന്നുണ്ടെങ്കിലും അത് പകർച്ചവ്യാധിയല്ലാത്തതിനാൽ മഹാമാരിയല്ല. നോവൽ കൊറോണ വൈറസ് ബാധയിലൂടെയുണ്ടാകുന്ന കോവിഡ് -19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ മനുഷ്യചരിത്രത്തെ പിടിച്ചുലച്ച മറ്റു ചില മഹാമാരികളിലൂടെ...
എച്ച്.െഎ.വി/ എയിഡ്സ്
32 ദശലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരി. 1981ൽ ആദ്യമായി റിപ്പോർട്ട് ചെയ്തശേഷം 75 ദശലക്ഷംപേർക്കാണ് വൈറസ് ബാധയുണ്ടായത്. 2018ലെ കണക്കനുസരിച്ച് ഏകദേശം 37.9 ദശലക്ഷത്തോളംപേർ എയ്ഡ്സ് ബാധിതരായുണ്ട്.
ഇൻഫ്ലുവൻസ(എച്ച്1എൻ1)
പുതിയ ഇൻഫ്ലുവൻസ വൈറസ് ലോകമാകെ പരത്തിയ മാരക പകർച്ചവ്യാധി. നേരത്തേ കണ്ടെത്താൻ പ്രയാസം. ചിലരിൽ മാത്രം മാരകമാവുകയും മരണം സംഭവിക്കുകയും ചെയ്യും. 2009ൽ ഇൻഫ്ലുവൻസ എ വൈറസ് പരത്തിയ എച്ച്1എൻ1 പനിയാണ് അവസാനമുണ്ടായത്. 2009ൽതന്നെ ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിലാളുകൾ മരിച്ചു. 1918-20ൽ സ്പാനിഷ് ഫ്ലൂ എന്ന പേരിലും ഇതേ മഹാമാരി പടർന്നിരുന്നു.
കോളറ
കഴിഞ്ഞ 200 വർഷത്തിനിടെ ഏഴ് പ്രാവശ്യമാണ് കോളറ ലോകത്തെ ഗ്രസിച്ചത്. ഒാരോ വർഷവും 1.3-4.0 ദശലക്ഷം കേസുകൾ ഇപ്പോഴും ഉണ്ടാകുന്നു. 21,000-1,43,000 പേർ പ്രതിവർഷം മരിക്കുന്നു. മലിനമായ വെള്ളവും ഭക്ഷണവും വഴി ഉള്ളിലെത്തുന്ന ബാക്ടീരിയയാണ് രോഗകാരണം. രോഗലക്ഷണം പ്രത്യക്ഷപ്പെടാൻ 12 മണിക്കൂർ മുതൽ അഞ്ചുദിവസം വരെയെടുക്കും.
പ്ലേഗ്
1347-1351 കാലഘട്ടത്തിൽ യൂറോപ്പിലും ഏഷ്യയിലുമായി 75-200 ദശലക്ഷംപേരുടെ മരണത്തിന് കാരണമായ പകർച്ചവ്യാധി. ചെറിയ ജീവികളിലും അതിലുണ്ടാകുന്ന ചെള്ളുകളിലും കാണുന്ന ബാക്ടീരിയയാണ് രോഗകാരി. യൂേറാപ്പിൽ മാത്രം പ്ലേഗ് ബാധിച്ച് 50 ദശലക്ഷത്തോളംപേർ മരിച്ചിട്ടുണ്ട്. 2010-15 കാലയളവിൽ 3,248 പേർക്കാണ് പ്ലേഗുണ്ടായത്. ഇതിൽ 584 പേർ മരിച്ചു. 1960 വരെ പ്ലേഗ് മഹാമാരിയായി തുടർന്നു. പ്ലേഗ് മരണങ്ങൾക്ക് ബ്ലാക്ക് ഡെത്ത് അഥവാ കറുത്തമരണം എന്നും വിശേഷണമുണ്ട്.
വസൂരി
18ാം നൂറ്റാണ്ടിൽ മരണം താണ്ഡവമാടിയ സാംക്രമിക രോഗം. വൈറസ് പടരുന്നത് വായുവിലൂടെ. 20ാം നൂറ്റാണ്ടിൽ 300 ദശലക്ഷംപേരുടെ ജീവനപഹരിച്ചു. സ്മോൾപോക്സ് എന്നറിയപ്പെടുന്ന വസൂരി ചിക്കൻപോക്സായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ചിക്കൻപോക്സ് പരത്തുന്ന വൈറസല്ല വസൂരിക്ക് കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.