ന്യൂഡൽഹി: ആം ആദ്മി പാർട്ടി മുൻ മന്ത്രി കപിൽ മിശ്രയുടെ ആരോപണങ്ങൾക്ക് മൗനംവെടിഞ്ഞ് പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നെങ്കിലും സത്യമായിരുന്നെങ്കിൽ ഞാനിപ്പോൾ ജയിലിലായിരിക്കുമെന്ന് മിശ്രക്ക് മറുപടിയായി കെജ്രിവാൾ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ സംസ്ഥാനതല കൺവെൻഷനിൽ സംസാരിക്കവെയാണ് കെജ്രിവാൾ ഇങ്ങനെ പറഞ്ഞത്.
നമ്മുടെ നടപടികൾ കുറച്ചു ദിവസങ്ങളായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരെയൊക്കെയോ നടപടികൾ ഭയപ്പെടുത്തുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അടിസ്ഥാനരഹിത ആരോപണങ്ങൾക്ക് എന്ത് പ്രതികരണമാണ് നൽകേണ്ടത്. പ്രതിപക്ഷ പാർട്ടികൾപോലും വിശ്വസിക്കാത്ത ആരോപണങ്ങളാണ് കപിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിൽ ഒന്നെങ്കിലും സത്യമാണെങ്കിൽ താനിപ്പോൾ ജയിലിലായിരിക്കുമെന്നും കൺവെൻഷനിൽ സംസാരിക്കവെ കെജ്രിവാൾ വ്യക്തമാക്കി.
ജല ടാങ്കർ അഴിമതിക്കേസ് ഒത്തുതീർപ്പാക്കാൻ രണ്ടുകോടി കൈക്കൂലി വാങ്ങുന്നതായി താൻ കണ്ടുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് ആഴ്ചകളായി കെജ്രിവാളിനെതിരെ കപിൽ മിശ്ര ഉന്നയിച്ചത്. എന്നാൽ, സത്യം ജയിക്കുമെന്ന് ട്വീറ്റ് ചെയ്തതല്ലാതെ മറ്റു പ്രതികരണങ്ങളൊന്നും കെജ്രിവാളിെൻറ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
ഇതിനിടെ, ആരോപണവുമായി ബന്ധപ്പെട്ട് കെജ്രിവാളിെൻറ ഭാര്യ സുനിത കെജ്രിവാളും കപിൽ മിശ്രയും തമ്മിൽ ട്വിറ്ററിൽ വാക്പയറ്റ് നടക്കുകയും ചെയ്തിരുന്നു. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് കപിൽ മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.