ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാറിനെയും കൂട്ടാളികളെയും തിരഞ്ഞ് പൊലീസ്. സുശീല്‍ കുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ മോഡല്‍ ടൗണ്‍ സ്വദേശി സാഗര്‍ എന്ന 23കാരനായ ഗുസ്തി താരം കൊല്ലപ്പെട്ട സംഭവത്തിലാണ് സുശീല്‍ കുമാറിനെ പൊലീസ് തിരയുന്നത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്യുകയും ഇരട്ടക്കുഴല്‍ തോക്കടക്കം കണ്ടെടുക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി ഛത്രസാല്‍ സ്റ്റേഡിയം കോംപ്ലക്‌സില്‍ വെടിവെപ്പ് നടന്നുവെന്നാണ് മോഡല്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്. പൊലീസെത്തി സംഭവസ്ഥലത്തുനിന്നും പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട സാഗറിനൊപ്പം ഉണ്ടായിരുന്ന അമിത് കുമാര്‍, സോനു എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഥലത്തുനിന്നും ഒരു തോക്കും വെടിക്കോപ്പുകളും കണ്ടെടുത്തു. സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന അഞ്ചു കാറുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഗുസ്തി താരം സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സോനു, സാഗര്‍, അമിത് തുടങ്ങിയവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചു.
സ്റ്റേഡിയത്തിലെ ഞങ്ങളുടെ ഗുസ്തി പരിശീലന ഏരിയയിലേക്ക് ചിലര്‍ കടന്നുകയറി അക്രമം നടത്തുകയായിരുന്നെന്നും സംഭവം ഞങ്ങള്‍ തന്നെയാണ് പൊലീസില്‍ അറിയിച്ചതെന്നും സുശീല്‍ കുമാര്‍ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.