ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭൂഷണെ കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നതിനെതിരായ ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തിന് ചൊവ്വാഴ്ചയുണ്ടായ അപ്രതീക്ഷിത ട്വിസ്റ്റിൽ ഞെട്ടി രാജ്യം. സർക്കാറിൽനിന്ന് നീതി ലഭിക്കാത്തതിനാൽ, വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ച് ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകർ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
ആത്മാഭിമാനം പണയം വെക്കാനില്ലെന്ന് വ്യക്തമാക്കി സാക്ഷി മലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പുനിയ അടക്കമുള്ള ഗുസ്തി താരങ്ങളാണ് ഗംഗാതീരത്തെത്തിയത്. ബന്ധുക്കളും താരങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളും ദേശീയ പതാകയുമേന്തി അവർക്കൊപ്പം ചേർന്നു. മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ കർഷക നേതാക്കൾ ഓടിയെത്തി താരങ്ങളിൽനിന്ന് ഇവ ഏറ്റുവാങ്ങി.
പ്രശ്നപരിഹാരത്തിന് അഞ്ചു ദിവസത്തെ സമയം നൽകണമെന്ന് കർഷക നേതാക്കളുടെ അഭ്യർഥന താരങ്ങൾ അംഗീകരിച്ചതോടെയാണ് രണ്ടു മണിക്കൂർ നീണ്ട വൈകാരിക രംഗങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടായത്. താരങ്ങളുമായി സംസാരിച്ച നരേഷ് ടികായത്ത് മെഡലുകൾ ഏറ്റുവാങ്ങി. അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ തിരികെ എത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങൾ മടങ്ങിയത്.
ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് ഡൽഹി പൊലീസ് ഒഴിപ്പിച്ചതിന് പിന്നാലെ, മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ചൊവ്വാഴ്ച രാവിലെയാണ് സാക്ഷി മലിക് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ‘‘ഗംഗ അമ്മയാണ്. ഈ മെഡലുകള്‍ രാജ്യത്തിന് വിശുദ്ധമാണ്. അതിനാല്‍ത്തന്നെ അതു സൂക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടവും വിശുദ്ധ ഗംഗ തന്നെയാണ്. അതല്ലാതെ ഞങ്ങളെ അടിച്ചമര്‍ത്തി ദുരുപയോഗം ചെയ്ത വ്യക്തിക്കൊപ്പം നിലകൊള്ളുന്ന സര്‍ക്കാറിന് ഇതു തിരികെ നല്‍കുന്നതില്‍ അര്‍ഥവുമില്ല’’ - സാക്ഷി ട്വീറ്റ് ചെയ്തു. തുടർന്ന് എല്ലാവരും മെഡലുകളുമായി ഉത്തരാഖണ്ഡിലെ ഗംഗാതീര തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.