ന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട നിരവധി അക്കൗണ്ടുകൾ റദ്ദാക്കിയതും പോസ്റ്റുകൾ നീക്കിയതും കേന്ദ്ര സർക്കാർ ഭീഷണിമൂലമാണെന്ന വിശദീകരണവുമായി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ‘എക്സ്. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടി എക്സ് അതിന്റെ ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് പേജിൽ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റ് ചെയ്തത്.
സർക്കാർ ഉത്തരവുപ്രകാരം ചില അക്കൗണ്ടുകളും പോസ്റ്റുകളും ഇന്ത്യയിൽ റദ്ദാക്കി. നിർദേശം പാലിച്ചുവെങ്കിലും കേന്ദ്ര സർക്കാർ തീരുമാനത്തോട് ശക്തമായി വിയോജിച്ച എക്സ് എക്കാലത്തും തങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുമെന്നും അറിയിച്ചു.
എക്സിക്യൂട്ടിവ് ഉത്തരവിലൂടെ ചില അക്കൗണ്ടുകൾക്കെതിരെയും പോസ്റ്റുകൾക്കെതിരെയും നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. ഇത് ചെയ്തില്ലെങ്കിൽ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നും കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയതായി എക്സ് വ്യക്തമാക്കി.
സുതാര്യതയുടെ ഭാഗമായി അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സർക്കാർ നീക്കം ഉത്തരവാദിത്തമില്ലായ്മയിലേക്കും ഏകപക്ഷീയമായ തീരുമാനങ്ങളിലേക്കും നയിക്കും. നിയമപരമായ തടസ്സങ്ങളുള്ളതിനാൽ കേന്ദ്ര സർക്കാർ നൽകിയ ഉത്തരവ് പ്രസിദ്ധീകരിക്കാൻ ഇപ്പോൾ നിർവാഹമില്ല. എന്നാൽ, ഇക്കാര്യങ്ങൾ പൊതുജനങ്ങൾ അറിഞ്ഞിരിക്കണമെന്നതിനാലാണ് വിവരങ്ങൾ പങ്കുവെക്കുന്നത്. അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകൾക്കും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്ന് എക്സ് അറിയിച്ചു.
അക്കൗണ്ടുകൾ റദ്ദാക്കിയതും പോസ്റ്റുകൾ നീക്കം ചെയ്തതും ചൂണ്ടിക്കാട്ടി എക്സിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി എക്സ് രംഗത്തുവന്നത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രൂക്ഷ വിമർശനമുയർത്തി. ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകമാണ് സർക്കാർ ഉത്തരവെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.