ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ജി20 ഉച്ചകോടിക്ക് എത്താതിരുന്നതിന് ഇന്ത്യയുമായി ഒരു ബന്ധവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുനേതാക്കളുടെയും അഭാവം ഉച്ചകോടിയെ ബാധിക്കില്ലെന്ന് അദ്ദേഹം വാർത്ത ഏജൻസിയോട് പറഞ്ഞു. ജി20 യുടെ ചരിത്രത്തിൽ, പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുമ്പും പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും അതത് രാജ്യങ്ങളുടെ നിലപാടുകളറിയിക്കാൻ ഈ നേതാക്കളുടെ പ്രതിനിധികളുണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉച്ചകോടിയുടെ അജണ്ടയും വിഷയങ്ങളും വിവിധ മന്ത്രിതല, ഔദ്യോഗിക പ്രക്രിയകളിലൂടെ മാസങ്ങളായി രൂപപ്പെട്ടതാണെന്നും ജയശങ്കർ വ്യക്തമാക്കി. കടം, വ്യാപാരം, ആരോഗ്യം, ഹരിത വികസനം എന്നിങ്ങനെയുള്ള സവിശേഷമായ വെല്ലുവിളികൾക്ക് പരിഹാരം തേടുന്ന പല രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. കോവിഡ്-19 രൂപപ്പെടുത്തിയ പ്രക്ഷുബ്ധമായ ആഗോള അന്തരീക്ഷം, യുക്രെയ്ൻ സംഘർഷം, ദീർഘകാല കടപ്രശ്നങ്ങൾ, കാലാവസ്ഥാ തകർച്ചയുടെ സാമ്പത്തിക ആഘാതം എന്നിവ അംഗീകരിച്ചുകൊണ്ട് ‘ഗ്ലോബൽ സൗത്തി’ന്റെ (ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ) ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ജയശങ്കർ ഊന്നിപ്പറഞ്ഞു.
അതേസമയം, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നുറപ്പായി. ബൈഡന്റെ ഭാര്യ ജിൽ ബൈഡന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന്, തുടർച്ചയായി രണ്ട് ദിവസവും പരിശോധന നടത്തിയതിനെ തുടർന്ന് ജോ ബൈഡന് നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചിരുന്നു. നാളെയാണ് ബൈഡൻ ഇന്ത്യയിലേക്ക് പുറപ്പെടുക. വെള്ളിയാഴ്ച പ്രധാനമന്ത്രി മോദിയുമായി ബൈഡൻ ചർച്ച നടത്തും. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സെഷനുകളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു.
ന്യൂഡല്‍ഹി: സെപ്റ്റംബർ ഒമ്പത്, പത്ത് തീയതികളിലായി ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. പ്രഗതി മൈതാനിയിൽ ഭാരത് മണ്ഡപം എന്ന് പുനര്‍നാമകരണം ചെയ്ത് നവീകരിച്ച ഐ.ടി.പി.ഒ കോംപ്ലക്സിലാണ് പ്രധാന സമ്മേളനങ്ങള്‍ നടക്കുക.
ലോകനേതാക്കള്‍ തങ്ങുന്ന ഹോട്ടലുകളിലും അവരുടെ സഞ്ചാരപാതയിലും കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഹോട്ടലിലും വിവിധ സമ്മേളന സ്ഥലങ്ങളിലും ദേശീയ സുരക്ഷ ഗാര്‍ഡ് (എൻ.എസ്.ജി) കമാന്‍ഡോകളെയും ആര്‍മി സ്നൈപ്പര്‍ സംഘത്തെയും വിന്യസിക്കും. ലോകനേതാക്കളുടെ വിമാനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക പാര്‍ക്കിങ് സംവിധാനം വിമാനത്താവളത്തില്‍ ഒരുക്കും. നേതാക്കളുടെ യാത്രക്ക് 18 കോടി രൂപ വാടക നല്കി 20 ഹൈഎന്‍ഡ് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഡൽഹിയിൽ എത്തിച്ചു. റോഡുകള്‍ നവീകരിച്ചും പതായോരങ്ങളില് പൂച്ചെടികൾ സ്ഥാപിച്ചും ഭംഗിയാക്കി.
സമ്മേളന പ്രതിനിധികൾ കാണാതിരിക്കാൻ പലയിടങ്ങളിലും ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ചു. മേൽപാലങ്ങൾക്ക് താഴെ കഴിയുന്ന നാടോടികൾ, ഭിക്ഷാടകർ തുടങ്ങിയവരെ അവിടെനിന്ന് നീക്കി. റോഡരികിലെ കച്ചവടക്കാരെയും ആഴ്ചകൾക്ക് മുമ്പേ പൂർണമായും ഒഴിപ്പിച്ചു. എട്ട് മുതല്‍ 10 വരെ തീയതികളിൽ എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോർപറേഷന്, സ്വകാര്യ ഓഫിസുകളും സ്കൂളുകളും അടച്ചിടും. കൂടാതെ ബാങ്കടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും എല്ലാ കടകളും ഈ മൂന്ന് ദിവസങ്ങളില്‍ തുറക്കില്ല. ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽനിന്നുമുള്ള 150ലധികം ആഭ്യന്തര വിമാന സർവിസുകൾ റദ്ദാക്കും. ന്യൂഡൽഹി സ്റ്റേഷനിലെത്തുന്ന 210 ട്രെയിനുകളും റദ്ദാക്കി. ന്യൂഡൽഹി ജില്ലയിൽ സാധാരണ വാഹനങ്ങൾക്കു പ്രവേശനത്തിനു നിയന്ത്രണമുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത വാഹനങ്ങൾ കിഴക്കൻ, പടിഞ്ഞാറൻ അതിവേഗപാതകളും മറ്റു ബദൽ റൂട്ടുകളും തിരഞ്ഞെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.