ന്യൂഡൽഹി: യമുനാ നദീജലം മനഃപൂർവം വിഷലിപ്തമാക്കിയതാണെന്ന തന്റെ വാദങ്ങളെ പിന്തുണക്കുന്ന തെളിവുകൾ ഹാജരാക്കാൻ നിർദേശം നൽകിയതിനു പിന്നാലെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ തിരിച്ചടിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ.
ഹരിയാന സർക്കാർ യമുനയിൽ വിഷം കലർത്തുകയാണെന്ന വാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ രാഷ്ട്രീയം കളിക്കുകയാണെന്നും എ.എ.പി നേതാവ് പത്രസമ്മേളനത്തിൽ ആരോപിച്ചു. രാജീവ് കുമാർ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത നശിപ്പിച്ചെന്നും വിരമിച്ചതിനു ശേഷമുള്ള സ്ഥാനത്തേക്ക് കണ്ണുവെച്ചിരിക്കുകയാണെന്നും പറഞ്ഞ ആപ് നേതാവ് കമീഷനെ അമോണിയ കലർന്ന വെള്ളം കുടിക്കാൻ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.
ഇപ്പോഴത്തേത് പോലെ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പൊരിക്കലും അവിശ്വാസത്തിൽ അകപ്പെട്ടിട്ടില്ല. അവർ എന്നെ രണ്ട് ദിവസത്തിനുള്ളിൽ ജയിലിലടക്കുമെന്ന് എനിക്കറിയാം. അത് നടക്കട്ടെ, എനിക്ക് തെല്ലും ഭയമില്ല. രാജ്യം മുമ്പൊരിക്കലും ഇത്തരമൊരു തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചിട്ടില്ല. ഞാൻ മൂന്ന് കുപ്പി 7 പി.പി.എം അമോണിയ കലർന്ന വെള്ളം (ക്ലോറിനേറ്റ് ചെയ്തത്) തെരഞ്ഞെടുപ്പ് കമീഷനും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിനും അയക്കും. മൂന്ന് തെരഞ്ഞെടുപ്പ് കമീഷണർമാരും ഒരു പത്രസമ്മേളനത്തിൽ വെച്ച് ഇത് കുടിക്കട്ടെ. ഞങ്ങൾ ഞങ്ങളുടെ തെറ്റ് സമ്മതിക്കും’ - കെജ്‌രിവാൾ വെല്ലുവിളിച്ചു.
യമുനയിലെ വിഷബാധയുടെ തരം, അളവ്, രീതി എന്നിവയും മലിനീകരണം കണ്ടെത്തുന്നതിൽ ഡൽഹി ജല ബോർഡ് എൻജിനീയർമാരുടെ പങ്കും ഉന്നയിച്ച തന്റെ അവകാശവാദങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ വ്യാഴാഴ്ച ഇ.സി.ഐ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ വിശദാംശങ്ങൾ സമർപിക്കാൻ കമീഷൻ വെള്ളിയാഴ്ച രാവിലെ 11 വരെ സമയപരിധി നൽകിയിട്ടുണ്ട്.
യമുനയിലെ അമോണിയയുടെ അളവ് വർധിപ്പിച്ചത് ബോധപൂർവമായ വിഷബാധയുടെ ഭാഗമാണെന്ന് കെജ്‌രിവാൾ ആരോപിച്ചതിന് പിന്നാലെയായിരുന്നു കമീഷന്റെ പ്രതികരണം. ഈ നിർദേശത്തിനു പിന്നാലെയാണ് കെജ് രിവാളിന്റെ വെല്ലുവിളി.
അമോണിയ മലിനീകരണ പ്രശ്നവും വിഷബാധ ആരോപണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ കമീഷൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇവ രണ്ടും കൂട്ടിയോജിപ്പിക്കരുതെന്ന് പറഞ്ഞു.
പൊതു അശാന്തി ഉണ്ടാക്കുന്നതോ സമുദായങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്നതോ ആയ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ കെജ്‌രിവാളിന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.