യശ്വന്ത് സിൻഹ വോട്ടഭ്യർഥിക്കാൻ ആദ്യം കേരളത്തിലേക്ക്

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പൊതുസ്ഥാനാർഥിയായി യശ്വന്ത് സിൻഹ നാമനിർദേശ പത്രിക സമർപ്പിച്ചു. വോട്ടഭ്യർഥിക്കാനുള്ള സംസ്ഥാന പര്യടന തുടക്കം കേരളത്തിൽനിന്ന്. ഇതിനായി ചൊവ്വാഴ്ച അദ്ദേഹം തിരുവനന്തപുരത്ത് എത്തും.

രാഹുൽ ഗാന്ധി -കോൺഗ്രസ്, ശരദ് പവാർ -എൻ.സി.പി, അഖിലേഷ് യാദവ് -സമാജ്‍വാദി പാർട്ടി, സീതാറാം യെച്ചൂരി -സി.പി.എം, അഭിഷേക് ബാനർജി -തൃണമൂൽ കോൺഗ്രസ്, തിരുച്ചി ശിവ -ഡി.എം.കെ, ഫാറൂഖ് അബ്ദുല്ല -നാഷനൽ കോൺഫറൻസ്, ഇ.ടി. മുഹമ്മദ് ബഷീർ -മുസ്‍ലിം ലീഗ്, ഡി. രാജ -സി.പി.ഐ, എൻ.കെ. പ്രേമചന്ദ്രൻ -ആർ.എസ്.പി, മിസ ഭാരതി -ആർ.ജെ.ഡി, ജയന്ത് ചൗധരി -ആർ.എൽ.ഡി തുടങ്ങി വിവിധ പ്രതിപക്ഷ നേതാക്കളുടെ അകമ്പടിയോടെയാണ് പത്രിക സമർപ്പിക്കാൻ സിൻഹ പാർലമെന്റ് മന്ദിരത്തിൽ എത്തിയത്. തെലങ്കാന മുഖ്യമന്ത്രിയും ടി.ആർ.എസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്റെ മകൻ കെ.ടി. രാമറാവുവിന്റെ സാന്നിധ്യവും ആം ആദ്മി പാർട്ടി, ഭരണപക്ഷ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണക്കാൻ ഒരുങ്ങുന്ന ഝാർഖണ്ഡ് മുക്തി മോർച്ച, ജനതദൾ-എസ് എന്നീ കക്ഷികളുടെ അസാന്നിധ്യവും ശ്രദ്ധേയമായി.

മഹാരാഷ്ട്രയിലെ നിർണായക സാഹചര്യങ്ങൾമൂലം ശിവസേന പ്രതിനിധിയും എത്തിയില്ല. നാലു സെറ്റ് പത്രികകളാണ് വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി.സി. മോദിയുടെ മുമ്പാകെ സമർപ്പിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സമാജ്‍വാദി പാർട്ടി എന്നിവയുടെ നേതൃത്വത്തിലാണ് നാലു സെറ്റ് നൽകിയത്. ഓരോ സെറ്റ് പത്രികയിലും നാമനിർദേശം ചെയ്ത 60ഉം പിന്തുണച്ച 60ഉം പേർ ഒപ്പുവെച്ചിട്ടുണ്ട്.

പത്രിക നൽകിയ ശേഷം പാർലമെന്റ് വളപ്പിലെ ഗാന്ധിജി, അംബേദ്കർ പ്രതിമകൾക്കു മുന്നിൽ ആദരമർപ്പിച്ചു. 84കാരനായ യശ്വന്ത് സൻഹക്കൊപ്പം ഭാര്യ നീലിമയും ഉണ്ടായിരുന്നു. കേരളത്തിലെ പ്രചാരണം പൂർത്തിയാക്കിയ ശേഷം വോട്ടഭ്യർഥിക്കാൻ തമിഴ്നാട്, കർണാടക, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് പോകും. 

Tags:    
News Summary - Yashwant Sinha first goes to Kerala to solicit votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.