ന്യൂഡൽഹി: പ്രതിപക്ഷത്തിെൻറ ബി.ജെ.പി-മോദി വിരുദ്ധ നീക്കങ്ങൾക്ക് ചൂട് പകർന്ന് വിമതനേതാവ് യശ്വന്ത് സിൻഹയുടെ നീക്കങ്ങൾ കൂടുതൽ മൂർത്തമാവുന്നു. ‘രാഷ്ട്ര മഞ്ച്’ എന്ന അദ്ദേഹത്തിെൻറ രാഷ്ട്രീയ ആക്ഷൻ ഗ്രൂപ് യാഥാർഥ്യമായി. മോദിെക്കതിരെ ബി.ജെ.പിക്കുള്ളിൽ നിന്ന് വിമതസ്വരം ഉയർത്തുന്ന മറ്റൊരു നേതാവായ ശത്രുഘ്നൻ സിൻഹ കൂടി ഇൗ വേദിക്ക് കരുത്ത് പകർന്ന് എത്തിയതോടെ നേതൃത്വത്തിെൻറ അടുത്ത നീക്കങ്ങൾ നിർണായകമാകും.
വിവിധ പ്രതിപക്ഷപാർട്ടികളും തങ്ങളുടെ പ്രതിനിധികളെ അയച്ച് യശ്വന്ത് സിൻഹക്ക് ശക്തിപകർന്നു. ‘താനും ശത്രുഘ്നൻ സിൻഹയും തങ്ങളുടെ ഭയത്തെ അതിജീവിച്ചുവെന്ന്’ യശ്വന്ത് പറഞ്ഞതോടെ ഉദ്ഘാടനത്തിന് സാക്ഷിയാവാൻ എത്തിയ പ്രതിപക്ഷനേതാക്കൾക്കും അണികൾക്കും ആവേശമായി. തൃണമൂൽ കോൺഗ്രസ് എം.പി ദിനേഷ് ത്രിവേദി, കോൺഗ്രസ് എം.പി രേണുക ചൗധരി, വക്താവ് മനീഷ് തിവാരി, എൻ.സി.പി എം.പി മജീദ് മേമൻ, ആപ് എം.പി സഞ്ജയ് സിങ്, അശുതോഷ്, ജെ.ഡി(യു) നേതാവ് പവൻ വർമ, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി, മുൻ അംബാസഡർ കെ.സി. സിങ് തുടങ്ങിയവർ ചടങ്ങിനെത്തി.
രാജ്യത്തിെൻറ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആശങ്കയുള്ള രാഷ്ട്രീയ നേതാക്കൾക്കും മറ്റുള്ളവർക്കും വേണ്ടിയുള്ളതാണ് രാഷ്ട്ര മഞ്ച് എന്ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന പരിപാടിയിൽ യശ്വന്ത് സിൻഹ പറഞ്ഞു. ‘‘ഇതിനെ ഒരു സംഘടനയായി തെറ്റിദ്ധരിക്കരുത്. ഇത് ജനങ്ങളാൽ ജനങ്ങൾക്ക് വേണ്ടിയുള്ള ദേശീയപ്രസ്ഥാനമാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല വിഷയങ്ങളും പൊന്തിവന്ന സാഹചര്യത്തിൽ ഇവിടെ കൂടിയിരിക്കുന്നവരെല്ലാം പ്രത്യയശാസ്ത്ര തലത്തിൽ പരസ്പരം ബന്ധപ്പെട്ടവരാണ്’’- അദ്ദേഹം പറഞ്ഞു. സംഘടന ഭാവിയിൽ രാഷ്ട്രീയപാർട്ടിയായി മാറില്ലെന്ന് ആവർത്തിച്ച സിൻഹ, സുപ്രീംകോടതിയിൽ ചില തിരഞ്ഞെടുക്കപ്പെട്ട ബെഞ്ചുകളിലേക്ക് മാത്രം വിവാദ കേസുകൾ നൽകുന്ന നടപടിയെയും ചോദ്യം ചെയ്തു. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഷ്ട്ര മഞ്ചിെൻറ ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.