ന്യൂഡൽഹി: ബി.ജെ.പിയെ പുറത്താക്കാൻ പ്രതിപക്ഷ കൂട്ടായ്മ ആവശ്യമാണെങ്കിലും ദേശീയതലത്തിൽ മുന്നണി രൂപവത്കരണം പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 1996ലും 2004ലും അത് തെളിഞ്ഞതാണ്. മൂന്നാം മുന്നണിയും ഫെഡറൽ മുന്നണിയുമൊക്കെ സുന്ദര സ്വപ്നങ്ങളാണ്. പക്ഷേ, അടിസ്ഥാന യാഥാർഥ്യം ഇതാണ് -യെച്ചൂരി പറഞ്ഞു.
പാർട്ടി പോളിറ്റ് ബ്യൂറോ തീരുമാനങ്ങൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഫെഡറൽ മുന്നണിയുമായി മുന്നിട്ടിറങ്ങിയതിനെക്കുറിച്ച ചോദ്യത്തിനാണ് യെച്ചൂരി ഇൗ മറുപടി നൽകിയത്. ആളുകൾ ആഗ്രഹം വെച്ചുപുലർത്തുന്നതിൽ തെറ്റില്ല.
'പ്രതിപക്ഷ െഎക്യം വിളിച്ചറിയിക്കുന്ന കർണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബുധനാഴ്ച താനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പെങ്കടുക്കും. മമത ചടങ്ങിന് എത്തുന്നു എന്നത് ഇക്കാര്യത്തിൽ വിഷയമല്ല. ബംഗാളിൽ മമതയെയും ദേശീയതലത്തിൽ മോദിയെയും അധികാരത്തിൽനിന്ന് പുറത്താക്കുകയാണ് സി.പി.എമ്മിെൻറ ലക്ഷ്യം. കേരളത്തിൽ കോൺഗ്രസാണ് മുഖ്യശത്രു. 2004ൽ 61 എം.പിമാർ സി.പി.എമ്മിന് ഉണ്ടായിരുന്നതിൽ 57 പേരും കോൺഗ്രസിനെ തോൽപിച്ച് ജയിച്ചവരാണെന്ന് യെച്ചൂരി കൂട്ടിച്ചേർത്തു.
ജമ്മു-കശ്മീരിലെ സാഹചര്യങ്ങളിൽ സി.പി.എം പോളിറ്റ് ബ്യൂറോ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ അതിക്രമ രാഷ്ട്രീയമാണ് നടക്കുന്നത്. ഇസ്ലാമിക ഭീകരത പാഠ്യവിഷയമാക്കാൻ ജവഹർലാൽ നെഹ്റു സർവകലാശാല അക്കാദമിക് കൗൺസിൽ എടുത്ത തീരുമാനം അതിെൻറ പുതിയ പതിപ്പാണ്. പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കിടയിലെ പ്രവൃത്തി വിഭജനം പി.ബി ചർച്ചചെയ്തു. ഇതു സംബന്ധിച്ച നിർദേശം ജൂൺ 22 മുതൽ 24 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ വെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.