ഹൈദരാബാദ്: 2019ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പെടെയുള്ള മതനിരപേക്ഷ, ജനാധിപത്യ പ്രതിപക്ഷ പാര്‍ട്ടികളുമായി നീക്കുപോക്കുകള്‍ക്ക് സാധ്യത തുറന്നിട്ട് സി.പി.എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസുമായി ധാരണപോലും നിഷേധിക്കുന്ന ഭാഗം ഭേദഗതിചെയ്താണ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രായോഗിക സമീപനത്തിന് വാതില്‍ തുറന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് മുഖ്യകടമ എങ്കിലും അത് കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കി ആകരുത് എന്നത് മുഖ്യ നിലപാടായി അവതരിപ്പിച്ച കരട് പ്രമേയത്തിനാണ് പോളിറ്റ്ബ്യൂറോ(പി.ബി)യും ജനുവരിയില്‍ ചേര്‍ന്ന കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റിയും അംഗീകാരം നല്‍കിയത്. എന്നാല്‍, ‘ബി.ജെ.പി-ആര്.എസ്.എസ് സര്‍ക്കാറിനെയും നയങ്ങളെയും പരാജയപ്പെടുത്താന്‍ ബൂര്‍ഷ്വ- ഭൂപ്രഭു പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് മുന്നണിയോ സഖ്യമോ ഉണ്ടാക്കാതെ യോജിച്ച തെരഞ്ഞെടുപ്പ് അടവ് രൂപവത്കരിക്കണം’ എന്നതായിരുന്നു യെച്ചൂരിയും ബംഗാള്‍ ഘടകവും മുന്നോട്ടുവെച്ച ന്യൂനപക്ഷ അഭിപ്രായം. യെച്ചൂരി ‘ധാരണ’ എന്ന വാക്കിനെ കുറിച്ച് നിശ്ശബ്ദത പാലിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ പ്രമേയത്തിലും ന്യൂനപക്ഷ അഭിപ്രായത്തിന്മേലും രണ്ട് ദിവസം നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലെ നാടകീയ നീക്കങ്ങളിലാണ് പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും വിജയിച്ച കാരാട്ട് പക്ഷത്തെയും കേരള ഘടകത്തെയും അട്ടിമറിച്ച തീരുമാനം ഉണ്ടായത്. പ്രതിനിധികളില്‍നിന്ന് ലഭിച്ച ഭേദഗതി നിർദേശത്തിന് പുറമേ രണ്ടാം ദിനം ചര്‍ച്ചക്ക് ഒടുവില്‍ 12ഓളം സംസ്ഥാന ഘടകങ്ങള്‍ കരട് പ്രമേയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങുകയല്ലാതെ പി.ബിക്ക് നിവൃത്തിയുണ്ടായില്ല.
ചില ഖണ്ഡികയിലെ വാചകങ്ങള്‍ ഭേദഗതി ചെയ്തും മറ്റ് ചിലവ നീക്കി പുതിയത് ചേര്‍ത്തും പി.ബി പുതിയ നിർദേശം മുന്നോട്ടുവെക്കാന്‍ നിര്‍ബന്ധിതമായി. കരട് രാഷ്ട്രീയ പ്രമേയത്തിലെ 2.115(2) ഖണ്ഡികയില്‍ പറഞ്ഞിരുന്നത് ‘അങ്ങനെ ബി.ജെ.പിയെയും സഖ്യശക്തികളെയും മുഴുവന്‍ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തികൊണ്ട് പരാജയപ്പെടുത്തുക എന്നതാണ് മുഖ്യകടമ. പക്ഷേ, ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുത്’ എന്നായിരുന്നു. ഇതില്‍ ‘പക്ഷേ ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാക്കിക്കൊണ്ടായിരിക്കരുത്’ എന്ന വാചകം നീക്കം ചെയ്തു. പകരം ‘പക്ഷേ ഇത് ചെയ്യേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിക്കൊണ്ടാകരുത്’ എന്ന വാചകം പുതുതായി ഉള്‍പെടുത്തി.
കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വര്‍ഗ-രാഷ്ട്രീയ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഭാഗത്തെ 2.90 എന്ന ഖണ്ഡികയും പൂർണമായി ഒഴിവാക്കി. ‘നമ്മുടെ അടവ് സമീപനം കോണ്‍ഗ്രസുമായും മറ്റു മതനിരപേക്ഷ പ്രതിപക്ഷ പാര്‍ട്ടികളുമായും പാര്‍ലമെൻറില്‍ യോജിക്കാവുന്ന വിഷയങ്ങളില്‍ സഹകരിക്കുക എന്നതായിരിക്കണം. പാര്‍ലമെൻറിന് പുറത്ത് വര്‍ഗീയ ഭീഷണിക്ക് എതിരായി ജനങ്ങളെ വിപുലമായി അണിനിരത്താന്‍ കഴിയുംവിധം എല്ലാ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി സഹകരിക്കണം.’ എന്നായിരുന്നു അത് പറഞ്ഞത്. ഇതിന് പകരം, (4) ാം ഖണ്ഡികയായി ‘എന്നിരുന്നാലും കോണ്‍ഗ്രസ് ഉള്‍പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും പാര്‍ലമെൻറില്‍ യോജിക്കാവുന്ന വിഷയങ്ങളില്‍ ധാരണയാവാം. വര്‍ഗീയതക്ക് എതിരായി എല്ലാ മതനിരപേക്ഷ പ്രതിപക്ഷ ശക്തികളുമായും പാര്‍ലമെൻറിന് പുറത്ത് നാം സഹകരിക്കണം.’ എന്ന് രേഖപെടുത്തി. കോണ്‍ഗ്രസുമായി ധാരണക്ക് വാതില്‍ അടക്കരുതെന്ന് ആവശ്യപ്പെട്ട ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിെൻറയും വലിയ രാഷ്ട്രീയ വിജയമാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ ഇൗ നയംമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.