കൊച്ചി: ഇന്ത്യൻ ഭരണഘടന അട്ടിമറിക്കാനാണ് ആർ.എസ്.എസും മോദി സർക്കാറും ശ്രമിക്കുന്നതെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം ജില്ല കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നയങ്ങളോടുള്ള എതിർപ്പ് തുടരുമ്പോൾ തന്നെ ഹിന്ദുത്വ രാഷ്ട്രവാദികളെ തുറന്നെതിർക്കേണ്ടതിന്റെ ആവശ്യകത ഇ.എം.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ തുടർച്ചയായി തന്നെയാണ് അതിനായുള്ള പോരാട്ടം ഏറ്റെടുക്കപ്പെട്ടത്.
ഇന്ത്യൻ ഭരണഘടന അട്ടിമറിച്ച് പകരം ഫാഷിസ്റ്റ് ഭരണഘടന സ്ഥാപിക്കാൻ കളമൊരുക്കുന്നതിനാണ് ആർ.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ അവർ ആക്രമിച്ചുകൊണ്ടിരിക്കുന്നു. അതിലുപരി ഭരണഘടന സ്ഥാപനങ്ങളെയും ആക്രമിക്കുന്നു.
പാർലമെന്റിനെ നിയമ നിർമാണ സഭ എന്നതിലുപരി വെറും സംവാദ സഭയാക്കി ചുരുക്കുകയാണ്. സ്വാതന്ത്ര്യവും നീതിയുക്തവുമായ ജുഡീഷ്യറിയെ ആക്രമിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷനെ പാവയാക്കിമാറ്റാനും സ്വാതന്ത്ര്യം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. സി.ബി.ഐ, ഇ.ഡി എന്നീ ഭരണഘടന സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാൻ വിനിയോഗിക്കുന്നു. ഫെഡറലിസത്തിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒമ്പതുവർഷത്തിനിടെ 3554 കേസുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തത്. 95 ശതമാനവും രാഷ്ട്രീയ എതിരാളികൾക്കെതിരെയാണ്. അതിൽ ശിക്ഷിക്കപ്പെട്ടത് വെറും 23 കേസുകൾ മാത്രമാണ്. ബി.ജെ.പിയിൽ ചേർന്നാൽ അത്തരം കേസുകൾ ഇല്ലാതാകും.
മോദിയും അദാനിയുമാണ് ഇന്ത്യ എന്ന പ്രചാരണം ഇന്ദിരയാണ് ഇന്ത്യ എന്ന മുദ്രാവാക്യം പോലെ തകരും. കോൺഗ്രസ് ഇപ്പോഴത്തെ നിലപാട് തുടർന്നാൽ മൂന്നാംവട്ടവും കേരളത്തിൽ എൽ.ഡി.എഫ് തന്നെ അധികാരത്തിലെത്തുമെന്നും യെച്ചൂരി പറഞ്ഞു. ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ സി.എൻ. മോഹനൻ അധ്യക്ഷനായി. മേയർ എം. അനിൽകുമാർ പരിഭാഷ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.