ലക്നൗ: അയോധ്യയിൽ നിർമിക്കുന്ന പള്ളി ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവനക്കെതിരെ സമാജ്‌വാദി പാർട്ടി. രാമക്ഷേത്ര ഭൂമി പൂജക്കുശേഷം നടന്ന ചാനൽ പരിപാടിയിലാണ് യോഗിയും ഹിന്ദുവുമായ തനിക്ക് പള്ളിയുടെ ഉദ്ഘാടനത്തിന് പോകാൻ കഴിയില്ലെന്ന് പറഞ്ഞത്.
അയോധ്യയിൽ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് നിർമിക്കുന്ന പള്ളിയുടെ നിർമാണോദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെന്ന നിലയിൽ ഏതെങ്കിലും മതവുമായോ വിശ്വാസവുമായോ തനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ, യോഗി എന്ന നിലയില്‍ തീർച്ചയായും താൻ പങ്കെടുക്കില്ല.
ഹിന്ദു എന്ന നിലയിൽ മതപരമായ വിശ്വാസങ്ങൾ പ്രകാരം ആരാധിക്കാനും ജീവിക്കാനും തനിക്ക് അവകാശമുണ്ട്. പള്ളി ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേപേർ രംഗത്തെത്തും. എനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ല. നിശ്ശബ്ദമായി ജോലി ചെയ്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാറിെൻറ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് തെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, യോഗിയുടേത് സത്യപ്രതിജ്ഞ ലംഘനമാണെന്നും മാപ്പ് പറയണമെന്നും സമാജ്‌വാദി പാർട്ടി വക്താവ് പവൻ പാണ്ഡെ ആവശ്യപ്പെട്ടു. 'അദ്ദേഹം ഹിന്ദുക്കളുടേത് മാത്രമല്ല, സംസ്ഥാനത്തിെൻറയാകെ മുഖ്യമന്ത്രിയാണ്. ഹിന്ദു, മുസ്‍ലിം ജനസംഖ്യ എത്രയോ ആവട്ടെ അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാവണം. മാന്യതയില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായത്' -പവൻ പാണ്ഡെ പറഞ്ഞു.
അതേസമയം, പള്ളി സംബന്ധിച്ച യോഗിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ് വക്താവ് ലാലൻ കുമാർ പറഞ്ഞു. ശ്രീരാമൻ എല്ലാവരുടേതുമാണ്. തങ്ങളുടേത് മാത്രമാണെന്ന് കാണിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. വ്യാജ ഹിന്ദുത്വ രാഷട്രീയമാണ് അവർ മുന്നോട്ടുവെക്കുന്നത്. ജനങ്ങളുടെ താൽപ്പര്യത്തിന് വേണ്ടിയുള്ള കാര്യങ്ങളാണ് കോൺഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ചയാണ് യോഗി ആദിത്യനാഥിെൻറ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില പാകി അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കം കുറിച്ചത്. ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.