ബ്രിജ്‌ ഭൂഷണിന്റെ ലൈംഗികാതിക്രമം രണ്ടുവർഷം മുമ്പ് മോദി അറിഞ്ഞു, പരാതി പൂഴ്ത്തി; എഫ്‌.ഐ.ആറിലെ വിവരങ്ങൾ പുറത്തുവിട്ട് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ്‌ ഭൂഷൺ ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച വിവരം രണ്ടു വർഷം മുമ്പ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിരുന്നതായി എഫ്.ഐ.ആർ. പീഡനത്തിനിരയായ ഗുസ്തിതാരം 2021 ആഗസ്‌തിൽ നേരിട്ടാണ് മോദിയോട് വിവരം പറഞ്ഞത്.

ശക്തമായ നടപടിയുണ്ടാകുമെന്ന്‌ മോദി അന്ന്‌ ഉറപ്പു നൽകിയിരുന്നതായി ഗുസ്തിതാരം പറയുന്നു. എന്നാൽ, ഇക്കാര്യം അന്വേഷിക്കാതെ പൂഴ്‌ത്തിവച്ചതായി ഗുസ്‌തി താരങ്ങളുടെ പരാതിയിൽ കൊണാട്ട്‌പ്ലേസ്‌ പൊലീസ്‌ ഏപ്രിൽ 28ന്‌ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആറിൽ പറയുന്നു. എഫ്.ഐ.ആറിന്റെ ഈ ഭാഗം തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പുറത്തുവിട്ടു.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജീ, ഗുസ്തി താരത്തിന്റെ എഫ്‌.ഐ.ആറിലെ പ്രസക്തഭാഗത്തിൽ അവർ താങ്കളെ കണ്ടുമുട്ടിയതും എം.പിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് നിങ്ങളെ അറിയിച്ചതും വ്യക്തമായി പറയുന്നു. താങ്കൾ അവർക്ക് പൂർണപിന്തുണ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഒന്നും ചെയ്തില്ല’ -മഹുവ ട്വീറ്റിൽ പറഞ്ഞു.

പ്രധാനമന്ത്രിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്ന അന്തര്‍ദേശീയ മെഡലുകള്‍ നേടിയ താരമാണ് പരാതി ഉന്നയിച്ചത്. മോദിയെ സന്ദര്‍ശിക്കുന്ന താരങ്ങളുടെ പട്ടികയിൽനിന്ന്‌ ബ്രിജ്‌ ഭൂഷൺ ഇടപെട്ട് അവരെ ഒഴിവാക്കിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ട് വിളിച്ചാണ് മീറ്റിങ്ങിൽ പ​ങ്കെടുക്കാൻ ക്ഷണിച്ചത്.

ഈ കൂടിക്കാഴ്‌ചയിലാണ്‌ മോദിയോട്‌ ബ്രിജ്‌ ഭൂഷണിന്റെ ലൈംഗിക, മാനസിക പീഡനങ്ങളും താരങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും തുറന്നുപറഞ്ഞത്. കേന്ദ്ര കായികമന്ത്രാലയം ഇടപെടുമെന്നും ഉടൻ മന്ത്രാലയത്തിൽനിന്ന്‌ വിളിച്ച്‌ വിവരങ്ങൾ ആരായുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്‌ചയ്‌ക്കുശേഷം ഇന്ത്യക്കായി വീണ്ടും മത്സരരംഗത്ത് ഇറങ്ങാമെന്ന ആത്മവിശ്വാസം വന്നു. ആത്മഹത്യാ ചിന്തയടക്കം വിട്ടുപോയി, ഉന്മേഷം തോന്നി- എഫ്ഐആറിൽ പറയുന്നു.

Tags:    
News Summary - ‘You did NOTHING’: Mahua Moitra shares wrestlers' FIR to target PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.