ട്വിറ്ററിൽ കെജ്രിവാൾ-ഹിമന്ത ബിശ്വ ശർമ്മ വാക്പോര്; അസം ഡൽഹി​​യേക്കാൾ മെച്ചപ്പെട്ട സ്ഥലമെന്ന് ശർമ്മ

ദിസ്പൂർ: അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വിറ്ററിൽ വാക്പോര്. 'മേക് ഇന്ത്യ നമ്പർ വൺ' എന്ന പ്രചാരണത്തിന്‍റെ ഭാഗമായി കെജ്രിവാൾ ട്വിറ്ററിൽ നടത്തുന്ന ഓൺലൈൻ ക്യാംപെയ്നിന് പിന്നാലെയാണ് വിമർശനവുമായി ബിശ്വ ശർമ എത്തിയത്. കെജ്രിവാളിന്‍റെ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ഇത് തന്നെയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ശർമ പ്രതികരിച്ചു.

അസമിൽ പത്താം ക്ലാസിൽ തോൽവി രേഖപ്പെടുത്തിയ സ്കൂളുകൾ പൂട്ടാനുള്ള ബിശ്വ ശർമയുടെ തീരുമാനത്തെ വിമർശിച്ച് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. സ്കൂളുകൾ പൂട്ടുന്നത് പരിഹാരമല്ലെന്നും മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ തയ്യാറായാൽ മാത്രമേ ഇന്ത്യക്കാർ ഒന്നാമതെത്തൂ എന്നും കെജ്രിവാൾ കുറിച്ചു. താൻ അസം സന്ദർശിക്കാനുദ്ദേശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ അസം സർക്കാരിന്‍റെ തീരുമാനങ്ങളെ വിമർശിക്കേണ്ടെന്നും അസം എല്ലാം കൊണ്ടും ഡൽഹിയെക്കാൾ അമ്പത് മടങ്ങ് വലുതാണെന്നുമായിരുന്നു ശർമയുടെ പ്രതികരണം. "ഡൽഹിയെ പോലെ സഹായ സ്രോതസ്സുകൾ അസമിനില്ല. പ്രളയം, ഭീകരപ്രവർത്തനങ്ങൾ തുടങ്ങി പല പ്രശ്നങ്ങളിലൂടെ സംസ്ഥാനം കടന്നുപോവുകയാണെന്നും കെജ്രിവാളിന്‍റെ വെറും വാക്കുകൾ നിർത്തണ"മെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതിന് മറുപടിയായി ശർമ എത്ര തടഞ്ഞാലും ഡൽഹി സന്ദർശിക്കുമെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ മദ്യ നയത്തെ ചൊല്ലി ബി.ജെ.പിയും എ.എ.പിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് മുറുകുന്ന സാഹചര്യത്തിലാണ് ഇരുവരും വാക് തർക്കത്തിൽ ഏർപ്പെട്ടത്. ഡൽഹി മദ്യ നയത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഡൽഹി എക്സൈസ് നയം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ കഴിഞ്ഞ മാസം ശിപാർശ ചെയ്തതിരുന്നു. ഇതോടെ ഡൽഹി ഉപമുഖ്യമന്ത്രിയും എക്സൈസ് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിയുമായ മനീഷ് സിസോദിയ സംശയനിഴലിലായിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികൾ റെയ്ഡുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. മദ്യ വിൽപ്പന നയത്തിൽ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.

അതേസമയം, ആം ആദ്മിയിൽ നിന്ന് എം.എൽ.എമാരെ ബി.ജെ.പി വലയിലാക്കുകയാണെന്നും പാർട്ടി ആരോപിച്ചിരുന്നു. ചില എം.എൽ.എമാർക്ക് 20 കോടി വരെ ബി.ജെ.പിയിൽ നിന്നും വാഗ്ദാനമുണ്ടെന്നും കെജ്രിവാൾ ആരോപിച്ചിരുന്നു.

Tags:    
News Summary - 'You don't need to make India No. 1...': Assam CM Himanta Biswa's dig at Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.