ബംഗളൂരു: കെ.ജി.എഫ് ചാപ്റ്റര്‍ ടു സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ തിയറ്ററിലുണ്ടായ തര്‍ക്കത്തിൽ യുവാവിന് വെടിയേറ്റു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സിനിമയിലെ ആക്ഷൻ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിവെപ്പുണ്ടായത്.
വെടിയേറ്റ ഹാവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസന്ത്കുമാറിന്‍റെ വയറ്റിലാണ് വെടിയേറ്റതെന്നും അപകടനില തരണം ചെയ്തതായും സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപവത്കരിച്ചതായും ഹാവേരി എസ്.പി. ഹനുമന്തരായ അറിയിച്ചു.
ഹാവേരിയിലെ തിയറ്ററിൽ സുഹൃത്തുക്കൾക്കൊപ്പം വസന്തകുമാർ സിനിമ കാണുന്നതിനിടെയാണ് തർക്കമുണ്ടായത്. മുന്നിലെ സീറ്റിലേക്ക് വസന്തകുമാർ കാൽ കയറ്റിവെച്ചതിനെ മുന്നിലിരുന്നയാൾ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തർക്കത്തിനൊടുവിൽ മുന്നിലെ സീറ്റിലിരുന്നയാൾ പുറത്തേക്ക് പോയി കൈത്തോക്കുമായി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് വസന്തകുമാറിനുനേരെ മൂന്നു തവണ വെടിയുതിർത്തു.
ഇതിൽ രണ്ടു തവണയാണ് വസന്ത്കുമാറിന് വെടിയേറ്റത്. വെടിയൊച്ച കേട്ടതോടെ തിയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളത്തിനിടയിൽ വെടിയുതിർത്ത പ്രതിയും രക്ഷപ്പെട്ടു. പൊലീസെത്തിയാണ് വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്. കോലാർ ഗോൾഡ് ഫീൽഡിന്‍റെ പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ സിനിമയായ കെ.ജി.എഫിന്‍റെ രണ്ടാം ഭാഗമായ ചാപ്റ്റർ ടു ഏപ്രിൽ 14നാണ് തിയറ്ററുകളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.