ഹൈദരാബാദ്: സുപ്രീംകോടതി ജഡ്ജിക്കും സംസ്ഥാന ഹൈകോടതിക്കുമെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് സർക്കാർ. വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും സുപ്രീംകോടതി ജഡ്ജിയും സംസ്ഥാന ഹൈകോടതിയും ശ്രമിക്കുന്നതായി സർക്കാർ ആരോപിച്ചു. സുപ്രീംകോടതി ജഡ്ജി എൻ.വി. രമണ ഉൾപ്പെടെയുള്ളവർക്കതിരെയാണ് ആരോപണം. തെലുങ്കുദേശം പാർട്ടി പ്രസിഡൻറ് എൻ ചന്ദ്രബാബു നായിഡുവിെൻറ നിർദേശപ്രകാരമാണ് ജഡ്ജിമാരുടെ നീക്കമെന്നും ആരോപിക്കുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജഗൻമോഹൻ റെഡ്ഡി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെക്ക് കത്തയച്ചു. ചില വിധികളും ജഡ്ജിമാരുടെ പേരുവിവരങ്ങളും ജഗൻമോഹൻ ഹെഡ്ഡി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കേസുകൾ വാദം കേൾക്കുന്നതിനായി സ്വീകരിക്കുന്നതിലും അന്വേഷണങ്ങൾ സ്റ്റേ ചെയ്യുന്നതിലും ആന്ധ്രപ്രദേശ് ഹൈകോടതി തെലുങ്കുദേശം പാർട്ടിക്കും അവരുടെ താൽപര്യത്തിനും അനുസരിച്ചുള്ള നിലപാട് സ്വീകരിക്കുന്നുവെന്നും റെഡ്ഡി കത്തിൽ ആരോപിക്കുന്നു.
സർക്കാരിനെതിരായ പൊതുതാൽപര്യഹരജികളുടെ കാര്യത്തിൽ പക്ഷപാതപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായും ജുഡീഷ്യൽ ഓഫിസർമാർക്കും അവരുടെ ബന്ധുക്കളുടേയും കുറ്റങ്ങളിൽ അന്വേഷണം നടത്തുന്ന കാര്യത്തിലുൾപ്പെടെ സർക്കാർ തീരുമാനങ്ങൾക്കെതിരെ ഹൈകോടതി പ്രതികൂല നിലപാട് കൈക്കൊള്ളുന്നതായും സർക്കാർ ആരോപിക്കുന്നു. സർക്കാറിനെതിരെ വിവിധ ഘട്ടങ്ങളിലായി 30 പൊതുതാൽപര്യഹരജികൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജഗൻമോഹൻ റെഡ്ഡി സർക്കാറിെൻറ തീരുമാനങ്ങൾക്കെതിരെ നിരവധി റിട്ട് ഹരജികളാണ് ഹൈകോടതി ഫയലിൽ സ്വീകരിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന നീതിപീഠത്തിെൻറ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. പാർട്ടി നേതാക്കളും മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാർക്കെതിരെ പ്രസ്താവനകൾ നടത്താറുണ്ടെങ്കിലും ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഉന്നത നീതിപീഠത്തിനെതിരെ നേരിട്ടുള്ള ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.