ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലം താരപ്രഭയോടെ തിളങ്ങിനിന്ന ഈ ആൾറൗണ്ടർ പഞ്ചാബിലെ ഗുർദാസ്പൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് യുവരാജ്.
എന്നാൽ, ഈ അഭ്യൂഹങ്ങളെ അതിർവര കടത്തി യുവരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും യുവരാജ് സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി. ബി.ജെ.പി സ്ഥാനാർഥിയായി യുവരാജ് മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിൽ ബോളിവുഡ് നടൻ സണ്ണി ഡിയോളാണ് ഗുർദാസ്പൂരിലെ എം.പി. എന്നാൽ, മണ്ഡലത്തിൽ തിരിഞ്ഞുനോക്കാത്ത സണ്ണി ഡിയോളിനെതിരെ മണ്ഡലത്തിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥിയെ പരീക്ഷിക്കാൻ ബി.ജെ.പി ഒരുങ്ങുന്നത്.
‘പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണ്. ഗുർദാസ്പൂരിൽനിന്ന് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. വിവിധ തലങ്ങളിലുള്ള ആളുകളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോൾ എന്റെ ഇഷ്ടം. എന്റെ ഫൗണ്ടേഷനായ യുവീകാൻ (YOUWECAN) വഴി അത് തുടരുകയും ചെയ്യും’ -‘എക്സി’ൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ യുവി വിശദീകരിച്ചു.
യുവരാജ് സിങ്ങിന്റെ മാതാവ് ശബ്നം സിങ് ഈയിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചിരുന്നു. ഇതും ഗുർദാസ്പൂരിൽ യുവി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഗുർദാസ്പൂരിൽ പുറത്തുനിന്നുള്ള സെലബ്രിറ്റി താരങ്ങളെ കെട്ടിയിറക്കുന്ന ബി.ജെ.പിയുടെ പതിവുരീതിയും ഊഹാപോഹങ്ങൾക്ക് നിറം പകർന്നു. കോൺഗ്രസിൽനിന്നുള്ള സിറ്റിങ് എം.പി സുനിൽ ഝാക്കറിനെയാണ് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സണ്ണി ഡിയോൾ പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.