ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നു. അതിശൈത്യത്തെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡൽഹിക്ക് ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞിൽ ഡൽഹി വിമാനത്താവളത്തിലെ കാഴ്ചപരിധി കുറഞ്ഞതിനാൽ നിരവധി വിമാന സർവീസുകൾ താളംതെറ്റി.
ശനിയാഴ്ച രാത്രി വിമാനത്താവളത്തിലെ കാഴ്ചപരിധി 350 മീറ്ററായിരുന്നുവെങ്കിൽ ഞായറാഴ്ച രാവിലെ അത് 200 മീറ്ററായി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൂടൽമഞ്ഞ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഡൽഹിയിലെ വിമാന സർവീസുകളെ ബാധിച്ചിരുന്നു.
ശനിയാഴ്ച ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. 3.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. അടുത്ത നാല് ദിവസത്തേക്ക് കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ഡൽഹി വിമാനത്താവളത്തിൽ നിന്നും ലാൻഡിങ്ങും ടേക്ക് ഓഫും ഇപ്പോഴും നടക്കുന്നുണ്ട്. CAT III ടെക്നോളജി ഉപയോഗിക്കുന്ന വിമാനങ്ങൾ മാത്രമാണ് ലാൻഡിങ്ങും ടേക്ക് ഓഫും നടത്തുന്നത്. മൂടൽമഞ്ഞ് മറ്റ് വിമാനങ്ങളുടെ സർവീസിനെ ബാധിച്ചേക്കാം. യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് മാത്രം യാത്രക്കെത്തണമെന്ന് ഡൽഹി വിമാനത്താവള അധികൃതർ നിർദേശിച്ചു. കാഴ്ചപരിധി കുറവുള്ള സമയങ്ങളിലും വിമാനമിറക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് CAT III ടെക്നോളജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.