ന്യൂഡൽഹി: സൈഡസ് കാഡിലയുടെ സൂചിരഹിത കോവിഡ് വാക്സിനായ സൈകോവ് -ഡി ഒക്ടോബർ ആദ്യവാരത്തോടെ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രം. 12 വയസിന് മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന വാക്സിനാണ് സൈകോവ് ഡി. കുട്ടികൾക്കുള്ള ആദ്യ വാക്സിൻ കൂടിയാണ് ഇത്.
അതേസമയം വാക്സിൻ നൽകുന്നതിന്‍റെ മുൻഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കുമാണോ അതോ മറ്റ് അസുഖങ്ങളുള്ളവർക്കാണോ മുൻഗണന നൽകുകയെന്ന കാര്യം വ്യക്തമല്ല.
സൈകോവ് ഡിയുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റി അനുമതി നൽകിയിരുന്നു. വാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതി ശിപാർശ നൽകിയതിന് പിന്നാലെയാണ് അനുമതി നൽകിയത്.
കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വാക്സിനുകൾക്കാണ് അനുമതി നൽകിയിരുന്നത്. ഇവയെല്ലാം 18വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് നൽകിയിരുന്നത്. ഇവക്ക് രണ്ട് ഡോസുകളാണ് വാക്സിൻ നൽകിയിരുന്നത്. എന്നാൽ സൈകോവ് -ഡിക്ക് മൂന്നുഡോസുകളുണ്ടാകും.
ലോകത്തിലെ ആദ്യ ഡി.എൻ.എ അടിസ്ഥാനമായ വാക്സിനാണ് സൈകോവ് ഡി എന്നാണ് ബയോടെക്നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്. സൈകോവ് ഡി അമ്പതിലധികം കേന്ദ്രങ്ങളിലായി 28,000 ആളുകളിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണ് ഇതെന്നും സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.