ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് കിടക്കുന്നവരെ സഹായിക്കാതെ കാറിൽ കടന്നുപോകുന്ന തെലുങ്കാന മന്ത്രിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ഞായറാഴ്ച ഉച്ചക്ക് ജയശങ്കർ ഭുപാലപള്ളി ജില്ലയിലെ പാലംപേറ്റ് ഗ്രാമത്തിലെ നല്ലകലുവ ക്രോസ് റോഡിലാണ് അപകടം നടന്നത്. ടാറ്റ എയ്സ് ട്രക്ക് ബൈക്കിൽ ഇടിച്ച് തദുരി മദുസുദനാ ചാരിയെന്ന 30കാരനും രണ്ടു സുഹൃത്തുക്കളും അപകടത്തിൽ പെടുകയായിരുന്നു. ചാരി സംഭവസ്ഥലത്തുതന്നെ മരിച്ചു, സുഹൃത്തുക്കൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
സമീപത്തെ ഗ്രാമവാസികൾ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ചാരിയെ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി ശ്രമിക്കുകയും ചെയ്തു. ഈ സമയത്താണ് ആദിവാസി ക്ഷേമ മന്ത്രി അസ്മീറ ചാന്ദുലാലിൻെറ വാഹനവ്യൂഹം കടന്നുവരുന്നത്. വാഹനത്തിൻെറ മുൻസീറ്റിൽ തന്നെ മന്ത്രിയുണ്ടായിരുന്നെന്നും അദ്ദേഹം പരിക്കേറ്റവരെ അവഗണിച്ച് മുന്നോട്ട് പോകുകയായിരുന്നെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. മന്ത്രിയുടെ അവഗണനയുടെ നേർക്കാഴ്ച സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവ് ക്യാമറയിലാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷം പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. മന്ത്രിയുടെ മണ്ഡലത്തിലാണ് അപകടം നടന്നത്.
താൻ ആ സമയത്ത് വളരെ തിരക്കിലായിരുന്നു എന്നാണ് മന്ത്രി ഇതോട് പ്രതികരിച്ചത്. തൻെറ ബന്ധുവിൻെര ഫോൺ കോൾ വന്നപ്പോൾ തിരക്കിലായിപ്പോയെന്നും സാധരണയായി ഇങ്ങനെ നടന്നാൽ തീർച്ചയായും സഹായിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.