സന്‍ആ: രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ച സമാധാന കരാര്‍ തള്ളിയ ഹൂതികള്‍ തലസ്ഥാനമായ സന്‍ആയില്‍ പാര്‍ലമെന്‍റ് സമ്മേളനം നടത്തി. ഐക്യരാഷ്ട്രസഭ അംഗീകരിച്ച അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാറിനെ തള്ളിയാണ് രണ്ടു വര്‍ഷത്തിനിടെ ആദ്യമായി പാര്‍ലമെന്‍റ് സമ്മേളനം സംഘടിപ്പിച്ചത്. 140 പേര്‍ പങ്കെടുത്തതായി ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ലാ സാലിഹിന്‍െറ ആശീര്‍വാദത്തോടെ രൂപവത്കരിച്ച രാഷ്ട്രീയസമിതിയെ സമ്മേളനം പൂര്‍ണമായി പിന്തുണച്ചു.
ഹൂതികളുടെ നടപടി ഭരണഘടനാ ലംഘനമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും മന്‍സൂര്‍ ഹാദി പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിയമസാധുതയുണ്ടായിരിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനനടപടികള്‍ക്ക് തിരിച്ചടിയാകുന്ന നീക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് യമനിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധി ഇസ്മായില്‍ ഉല്‍ദ് ശൈഖ് അഹ്മദും പറഞ്ഞു.
ഹൂതികളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കുവൈത്തില്‍ പുരോഗമിക്കുകയായിരുന്ന സമാധാനചര്‍ച്ചകള്‍ ഐക്യരാഷ്ട്രസഭ നിറുത്തിവെച്ചത്.
2012ല്‍ അലി അബ്ദുല്ലാ സാലിഹിനെ നീക്കിയ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് രാജ്യത്ത് പ്രതിസന്ധി ഉടലെടുത്തത്. ഹൂതികള്‍ സന്‍ആയിലും ദക്ഷിണമേഖലകളിലും ആധിപത്യം ഉറപ്പിച്ചതോടെ മന്‍സൂര്‍ ഹാദി രാജ്യം വിട്ടു. അദ്ദേഹത്തിന് പിന്തുണയുമായി 2015ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ അറബ് സൈന്യം നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.