രക്തസാക്ഷി ‘ജാസിം ​ഖൈറി’ന് പ്രാര്‍ഥനയോടെ വിട

റാസല്‍ഖൈമ: ദുബൈ വിമാനാപകട ദുരന്തക്കയത്തില്‍ നിന്നുള്ള അദ്ഭുത രക്ഷപ്പെടലില്‍ കേരളം നെടുവീര്‍പ്പിടുമ്പോള്‍ തങ്ങളുടെ  ‘ജാസിം ​ഖൈർ’ രക്തസാക്ഷിത്വം വരിച്ചതിലുള്ള ആത്മഹര്‍ഷത്തിലാണ് റാസല്‍ഖൈമയുടെ കാര്‍ഷിക പ്രദേശമായ കറാന്‍. ദുബൈ വിമാനത്താവളത്തില്‍ ബുധനാഴ്ച വിമാനദുരന്ത രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റു മരിച്ച അഗ്നിശമന സേനാംഗം ജാസിം ഈസാ ഹസന്‍ ബലൂഷിക്ക് മലയാളികളുള്‍പ്പെടെ വന്‍ ജനാവലി വ്യാഴാഴ്ച നല്‍കിയത് വീരോചിത യാത്രാമൊഴി. പരസഹായിയായ ജാസിം ഈസാ ഹസന്‍ ബലൂഷിയെ തങ്ങളും നാട്ടുകാരും ‘ജാസിമുല്‍ ഹൈര്‍’ എന്നാണ് വിളിച്ച് വന്നിരുന്നതെന്ന് ബന്ധുക്കളായ അലി, ഉമര്‍ എന്നിവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

ധീരനായ സുഹൃത്തിനെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് ജാസിമിന്‍െറ സുഹൃത്തുക്കളും വ്യക്തമാക്കുന്നു. ഒഴിവ് സമയങ്ങളിലും റമദാനില്‍ പ്രത്യേകിച്ചും ജാസിമിന്‍െറ മനസ്സും ശരീരവും ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പമായിരിക്കും. ടെന്‍റുകളിലും ലേബര്‍ ക്യാമ്പുകളിലും ഭക്ഷണവും മറ്റു സഹായങ്ങളുമായി ജാസിമുണ്ടാകും. ഇത്തരം സദ്പ്രവര്‍ത്തനങ്ങളാണ്  ‘ജാസിമുല്‍ ​ഖൈർ’ എന്ന വിളിപ്പേര് ഈ രക്തസാക്ഷിക്ക് സമ്മാനിച്ചത്. ഇവര്‍ പറയുന്നത് ശരിവെക്കുന്നതാണ് പിതാവ് ഈസ അല്‍ ബലൂഷിയുടെയും വാക്കുകള്‍. ചെറുപ്പം മുതല്‍ സഹജീവികളെ സഹായിക്കാനുള്ള ആവേശമാണ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യരക്ഷാ വകുപ്പില്‍ ജാസിമിനെ എത്തിച്ചത്. പ്രിയ പുത്രന്‍െറ വേര്‍പാടില്‍ ദു$ഖമുണ്ട്. തനിക്ക് അഞ്ച് മക്കളുണ്ട്. ജാസിം രക്തസാക്ഷിയായി. ദൈവത്തിങ്കല്‍ അവന്‍ ഉന്നതസ്ഥാനം ഉറപ്പിച്ചു. തനിക്കിനി നാല് മക്കള്‍ കൂടിയുണ്ട്. രാജ്യത്തിന് വേണ്ടി അവരെ നഷ്ടപ്പെടുത്താനും തയാറാണ്- പ്രിയ മകന്‍െറ വേര്‍പാടിലും പിതാവിന്‍െറ ദൃഢതയാര്‍ന്ന വാക്കുകള്‍.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് അവസാനമായി സഹോദരനെ കണ്ടതെന്ന് അനുജന്മാരായ സല്‍മാന്‍, ഹാരിബ് എന്നിവര്‍ പറഞ്ഞു. ദുബൈക്ക് ജോലിക്ക് പോയ ജ്യേഷ്ഠന്‍െറ രക്തസാക്ഷിത്വമാണ് ഇന്നലെ തങ്ങളെ തേടിയത്തെിയത്. നാനാതുറകളില്‍ നിന്നുള്ളവരുടെയും ഭരണകര്‍ത്താക്കളുടെയും സാന്ത്വനസ്പര്‍ശത്തിന് ഞങ്ങള്‍ക്ക് നന്ദിയുണ്ട് -ഇവര്‍ തുടര്‍ന്നു. ഈസ-സുല്‍ത്താന ദമ്പതികള്‍ക്ക് മൂന്ന് ആണ്‍മക്കളെ കൂടാതെ രണ്ട് പെണ്‍കുട്ടികളുമുണ്ട്. നാല് വര്‍ഷം മുമ്പാണ് ജാസിം ഈസാ ഹസന്‍ ബലൂഷി (26) ദുബൈ സിവില്‍ ഡിഫന്‍സില്‍ ചേര്‍ന്നത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയിലേക്ക് വന്ന വിമാനം ദുബൈ വിമാനത്താവളത്തില്‍ ദുരന്തത്തില്‍പ്പെട്ടതിനത്തെുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജാസിമിന്‍െറ ജീവന്‍ പൊലിഞ്ഞത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.