ബംഗ്ലാദേശ്​ വസ്ത്രവിപണിയില്‍ കരിനിഴല്‍ വീഴ്ത്തി ഭീകരാക്രമണം

ധാക്ക: ഭീകരാക്രമണത്തോടെ ബംഗ്ളാദേശിലെ വസ്ത്രവ്യാപാരം പ്രതിസന്ധിയിലേക്ക്. മതന്യൂനപക്ഷങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വിദേശികള്‍ക്കുമെതിരെ അടുത്തിടെയായി നടന്നുവരുന്ന രക്തപങ്കിലമായ ആക്രമണങ്ങള്‍ ബംഗ്ളാദേശിന്‍െറ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ്. രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ നട്ടെല്ലാണ് ടെക്സ്റ്റൈല്‍ വ്യാപാരം. മാര്‍ക്സ് ആന്‍ഡ് സ്പെന്‍സര്‍, നെക്സ്റ്റ് തുടങ്ങി ബ്രിട്ടനിലെ വന്‍ വസ്ത്ര ബ്രാന്‍ഡുകള്‍ക്ക് അടക്കം ഇവിടെനിന്നാണ് വസ്ത്രങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ചൈനക്കുശേഷം വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ബംഗ്ളാദേശ്.

ഇപ്പോള്‍ നടന്നുവരുന്ന ആക്രമണങ്ങള്‍ വിദേശികളെ അകറ്റുമെന്ന് ബംഗ്ളാദേശ് ഗാര്‍മെന്‍റ്സ് ആന്‍ഡ് മാനുഫാക്ചേര്‍സ് ആന്‍ഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍െറ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹസന്‍ പറയുന്നു. ഈ അസോസിയേഷനു കീഴില്‍ 4500 വസ്ത്രനിര്‍മാണ ഫാക്ടറികളാണ് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നത്. ആക്രമണം ഈ വ്യവസായത്തെ ഏറെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ അത്യധികം ആശങ്കാകുലരാണ് ഞങ്ങള്‍ -അദ്ദേഹം പറയുന്നു.ബംഗ്ളാദേശിന്‍െറ സമ്പദ്ഘടനക്ക് കടുത്ത വെല്ലുവിളിയാണ് ഇതെന്ന് ന്യൂയോര്‍ക്കിലെ സ്റ്റേണ്‍ സെന്‍റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്‍െറ കോഓഡിനേറ്റര്‍ സാറാ ലെബോവിറ്റ്സും പറഞ്ഞു.

ഷോപ്പിങ് സീസണായ ഈ മാസങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ആവശ്യക്കാരെ അകറ്റിനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ 16 കോടി വരുന്ന ജനതയുടെ നാലിലൊന്നും ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണ്. വസ്ത്രനിര്‍മാണ ശാലകളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 40 ലക്ഷത്തോളം വരും. ഗ്രാമീണ സ്ത്രീകളാണ് ഇതില്‍ ഭൂരിഭാഗവും. വസ്ത്രവിപണിയുടെ തകര്‍ച്ച ഈ ജനവിഭാഗത്തിന്‍െറ ജീവിതമാര്‍ഗത്തെ കൂടി ഇല്ലാതാക്കിയേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.