മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവം സിറിയന്‍ സര്‍ക്കാറിനെതിരെ ബന്ധുക്കള്‍ കോടതിയില്‍

ഡമസ്കസ്: യു.എസ് പൗരത്വമുള്ള ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക മേരി കൊള്‍വിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിറിയന്‍ സര്‍ക്കാറിനെ കുറ്റക്കാരാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ യു.എസ് ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കി. സര്‍ക്കാര്‍ വിരുദ്ധ റിപ്പോര്‍ട്ടുകള്‍ നല്‍കിയതിന് പ്രതികാരമായി നടത്തിയ ആക്രമണത്തിലാണ് കൊള്‍വിന്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
2012 ഫെബ്രുവരി 22നാണ് ന്യൂയോര്‍ക് സ്വദേശിയും ബ്രിട്ടനിലെ സണ്‍ഡേ ടൈംസിന്‍െറ സിറിയയിലെ റിപ്പോര്‍ട്ടറുമായ കൊള്‍വിന്‍ സൈന്യത്തിന്‍െറ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് കൊള്‍വിന്‍ കൊല്ലപ്പെട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
എന്നാല്‍, സൈനിക നടപടികള്‍ സിവിലിയന്മാരുടെ ജീവിതം ദുസ്സഹമാക്കുന്നതിന്‍െറ നേര്‍ചിത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കൊള്‍വിനെ സര്‍ക്കാര്‍ നിര്‍ദേശത്തോടെ സൈന്യം കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാഷിങ്ടണ്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ സഹോദരി കാതലീന്‍ കൊള്‍വിനും സഹോദരന്‍െറ മകളായ ജസറ്റിന്‍ അരായ കൊള്‍വിനും ആരോപിക്കുന്നു. കൊല്ലപ്പെടുമ്പോള്‍ മേരി കൊള്‍വിന്‍ താമസിച്ചിരുന്ന പരിസരത്തെങ്ങും ഭീകരരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. നിരായുധരായ സിവിലിയന്മാര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും സൈനിക നടപടികളില്‍ സിവിലിയന്മാര്‍ അനുഭവിക്കുന്ന കെടുതികളെക്കുറിച്ച് കൊള്‍വിന്‍ റിപ്പോര്‍ട്ട് നല്‍കിയതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.