ചില്‍കോട്ടിനു പിന്നാലെ ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയുടെ കുറ്റസമ്മതം

ലണ്ടന്‍: ആയിരങ്ങളെ ഭൂമുഖത്തുനിന്ന് നാമാവശേഷമാക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നുവെന്ന് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായിരുന്ന ജോണ്‍ പ്രസ്കോട്ടിന്‍െറ വെളിപ്പെടുത്തല്‍. 2003ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്‍െറ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് അധിനിവേശത്തെ അനുകൂലിച്ചിരുന്ന പ്രസ്കോട്ടിന്‍െറ കുറ്റസമ്മതം.  

ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നാല്‍ ജീവിതകാലം മുഴുവന്‍ താന്‍ ആ ദുരന്ത തീരുമാനത്തിന്‍െറ ഭാഗമായി മാറുമായിരുന്നുവെന്ന് സണ്‍ഡേ മിററിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം മനസ്സു തുറന്നു. ‘അന്ന് ഞങ്ങളെടുത്ത തീരുമാനം ഒരു യുദ്ധത്തിന്‍െറ വക്കിലത്തെിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. 1,75,000ത്തോളം സിവിലിയന്മാരുടെ ജീവനെടുത്ത ഇറാഖ് യുദ്ധത്തിലേക്ക് നയിച്ച ആ തീരുമാനത്തെക്കുറിച്ച് ഓര്‍ക്കാത്ത ഒറ്റ ദിവസംപോലും എന്‍െറ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല. ചെയ്ത തെറ്റില്‍ ഖേദമുണ്ട്. കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും കുടുംബത്തോട് മാപ്പുപറയുന്നു. 179 ബ്രിട്ടീഷ് സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കുക വഴി വിനാശത്തിന്‍െറ പെട്ടി തുറന്നുവിടുകയായിരുന്നു യഥാര്‍ഥത്തില്‍ ഞങ്ങള്‍. സദ്ദാംഹുസൈനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള ഇറാഖ് യുദ്ധം നിയമവിരുദ്ധമാണെന്ന് 2004ല്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നാന്‍ പ്രഖ്യാപിച്ചിരുന്നു. അതീവ ദു$ഖത്തോടും രോഷത്തോടും കൂടി പറയട്ടെ, അദ്ദേഹത്തിന്‍െറ വാക്കുകള്‍ ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമായി’. ഇറാഖ് യുദ്ധത്തില്‍ മാപ്പുപറയാന്‍ തയാറായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ ലേഖനത്തില്‍ പ്രശംസിക്കാനും പ്രസ്കോട്ട് മറന്നില്ല.

യുദ്ധത്തിന്‍െറ തെറ്റായ വശങ്ങളെക്കുറിച്ച് ചില്‍കോട്ട് റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. ഇറാഖ് യുദ്ധം നിയമാനുസൃതമായിരുന്നുവെന്ന അറ്റോണി ജനറല്‍ ലോര്‍ഡ് ഗോള്‍ഡ്സ്മിത്തിന്‍െറ അഭിപ്രായത്തെ സാധൂകരിക്കുന്ന ഒരു പ്രമാണവും നിലവിലില്ല. ഇറാഖ് യുദ്ധത്തിനായി ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ച ടോണി ബ്ളെയര്‍ക്കെതിരെ അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി ഡേവിഡ് ഡേവിസ് പറഞ്ഞിരുന്നു. ഈ പ്രമേയം സ്വീകരിച്ചാല്‍ ഇറാഖ് യുദ്ധത്തില്‍ ബ്ളെയര്‍ കുറ്റക്കാരനാണോ എന്ന വിഷയം ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കാം. കോടതിയലക്ഷ്യംപോലെ തന്നെയാണിതും. ഇറാഖിലെ കൂട്ടനശീകരണത്തിന് പാര്‍ലമെന്‍റിനെ കബളിപ്പിച്ചാണ് ബ്ളെയര്‍ അനുമതി നേടിയെടുത്തതെന്നും അദ്ദേഹം തുടരുന്നു.

‘എന്തിനും ഞാന്‍ താങ്കള്‍ക്കൊപ്പമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോര്‍ജ് ബുഷിനോടുള്ള ടോണി ബ്ളെയറിന്‍െറ പരാമര്‍ശം ചൂണ്ടിക്കാട്ടി അവര്‍ തമ്മിലുള്ള അടുത്ത സൗഹൃദത്തെ കുറിച്ചും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.