ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം അറ്റമില്ലാതെ തുടരുന്നു. വടക്കൻ ഗസ്സയിൽ നിരന്തരമായ ബോംബാക്രമണങ്ങളിലൂടെ ആസൂത്രിതമായ നാശമേൽപ്പിക്കുകയാണ്. റെസിഡൻഷ്യൽ ഏരിയകൾ, അഭയ കേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഏറെയും.
അൽമവാസിയിലെ ‘സേഫ്സോണി’നും കമാൽ അദ്‌വാൻ ആശുപത്രിക്കും നേരെ നടത്തിയ ആക്രമണത്തിൽ ഡസനിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ ‘സാധാരണ’മായി മാറിയെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ തലവൻ ചൂണ്ടിക്കാട്ടി.
കമാൽ അദ്‌വാൻ ആശുപത്രിക്കുനേരെയുള്ള ആക്രമണത്തെ ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസ് അപലപിച്ചു. ‘മനുഷ്യരാശിക്കെതിരായ അഭൂതപൂർവമായ കുറ്റകൃത്യം’ എന്ന് ഇതിനെ പ്രസ്താവനയിൽ അവർ വിശേഷിപ്പിച്ചു. ഈ പ്രദേശം നിരന്തരമായ ബോംബാക്രമണത്തിനു കീഴിലാണെന്നും ആശുപത്രിയെ നേരിട്ട് ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും അവർ പറഞ്ഞു.
അതിനിടെ, സൈന്യം തെക്കൻ ലെബനാനിലെ വീടുകൾ തകർത്തുകൊണ്ട് നവംബർ 27 ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ ഏറ്റവും പുതിയ ലംഘനം ഇസ്രായേൽ സൈന്യം നടത്തിയതായും റിപ്പോർട്ടുണ്ട്. തെക്കൻ ലെബനനിലെ നബാത്തി ഗവർണറേറ്റിലെ കഫർക്കല പട്ടണത്തിൽ നിരവധി വീടുകൾ തകർത്തതായി ലെബനൻ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഇസ്രായേൽ സൈന്യത്തിന്റെ ലംഘനങ്ങളുടെ എണ്ണം 287 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.