ഷാർജ: ബാറ്റെടുത്തവരും പന്തെടുത്തവരും തങ്ങളുടെ റോൾ കൃത്യമായി നിർവഹിച്ചതോടെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 82 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 33 പന്തിൽ നിന്നും 73 റൺസുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിൻെറ വെടിക്കെട്ട് ഇന്നിങ്സിൻെറ ബലത്തിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റൺസെടുത്തു. കൊൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒമ്പതിന് 112 എന്ന സ്കോറിൽ അവസാനിച്ചു. ശുഭ്മാൻ ഗിൽ (34), ആന്ദ്രേ റസൽ (16), രാഹുൽ ത്രിപാഠി (16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
ഏഴ് കളികളിൽ നിന്ന് 10 പോയൻറുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും അതേ പോയൻറാണെങ്കിലും നെറ്റ്റൺറേറ്റിൻെറ അടിസ്ഥാനത്തിൽ മുംബൈ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു.എട്ട് പോയൻറുമായി കൊൽക്കത്ത നാലാമതുണ്ട്.
യൂസ്വേന്ദ്ര ചഹൽ- വാഷിങ്ടൺ സുന്ദർ സ്പിൻ ദ്വയത്തിൻെറ പന്തുകൾക്ക് മുന്നിൽ പകച്ച കെ.കെ.ആർ ബാറ്റ്സ്മാൻമാർക്ക് മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയർത്താനായില്ല. ബാംഗ്ലൂരിനായി പന്ത് കൈയ്യിലെടുത്തവർക്കെല്ലാം വിക്കറ്റ് സമ്മാനിച്ചാണ് കൊൽക്കത്തക്കാർ വിട്ടത്. വാഷിങ്ടൺ സുന്ദറും ക്രിസ് മോറിസും രണ്ട് വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, ചഹൽ, ഉഡാന എന്നിവർ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ആരോൺ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കൽ (32), നായകൻ വിരാട് കോഹ്ലി (33 നോട്ടൗട്ട്) എന്നിങ്ങനെ ബാറ്റെടുത്തവരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. അവസാന അഞ്ചോവറിൽ 83 റൺസാണ് എ.ബി.ഡിയും കോഹ്ലിയും ചേർന്ന് കൂട്ടിച്ചേർത്തത്. അഞ്ച് ഫോറുകളും ആറ് സിക്സുകളും ചാരുതയേകിയതായിരുന്നു ഡിവില്ലിയേഴ്സിൻെറ ഇന്നിങ്സ്.
ആദ്യ 11 പന്തിൽ വെറും 10 റൺസായിരുന്നു താരത്തിൻെറ സമ്പാദ്യം. തുടർന്നങ്ങോട്ട് സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. 23 പന്തിലായിരുന്നു അർധസെഞ്ച്വറി. കൊൽക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്ത്തി.
സുനിൽ നരെയ്ൻ ഇല്ലാതെയാണ് കൊൽക്കത്ത കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് വെടിക്കെട്ട് താരം ടോം ബാൻറൺ കൊൽക്കത്തൻ ടീമിലും മുഹമ്മദ് സിറാജ് ബാംഗ്ലൂർ ടീമിലുമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.