കോഴിക്കോട്: ഒപ്പന വേദിയിൽ തലകറങ്ങിവീണ് മണവാട്ടിയുടെ തോഴിമാർ. അതിരാണിപ്പാടത്ത് ഉച്ചക്ക് ശേഷം അരങ്ങിലെത്തിയ ഒപ്പനയിൽ അഞ്ച് കുട്ടികളാണ് തലകറങ്ങി വീണത്. കളി കഴിഞ്ഞ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം കളി കഴിഞ്ഞ കുട്ടി ഗ്രീൻ റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് അസ്വസ്ഥത അനുഭവപ്പെടുകയും മെഡിക്കൽ ടീമിന്റെ സഹായം തേടുകയും ചെയ്തത്. അവരുടെ പ്രാഥമിക ശുശ്രൂഷയിൽ തന്നെ പ്രശ്നം പരിഹരിച്ചു.
രണ്ടാമത്തെ കുട്ടി വൈകീട്ട് കളി കഴിഞ്ഞ് കർട്ടൻ താഴ്ത്തിയ ഉടനായിരുന്നു തല കറങ്ങി വീണത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി സ്വാസിക ബിജുവാണ് തളർന്ന് വീണത്. പനിയുണ്ടായിരുന്ന കുട്ടി അത് വകവെക്കാതെ കളിക്കുകയായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
രാത്രി ഏഴുമണിയോടെ മറ്റൊരു കുട്ടിയും തലകറങ്ങി വീണു. ഇടുക്കി സ്വദേശി ഫിദ ഫാത്തിമയാണ് തലകറങ്ങി വീണത്. ചെറിയ പനിയുണ്ടായിരുന്നു. കളിക്കുന്നതിനിടെ ബി.പിയിൽ വ്യത്യാസം ഉണ്ടാവുകയും കളി കഴിഞ്ഞ ഉടൻ സ്റ്റേജിൽ വീഴുകയുമായിരുന്നു.
പല കുട്ടികളും നേരത്തെ ഒരുങ്ങി നിൽക്കുന്നതിനാൽ ഭക്ഷണം പേലും കഴിക്കാത്തതും മറ്റും തളർച്ചക്കിടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ കൂട്ട തലകറക്കമുണ്ടായിരുന്നു. പ്രധാനവേദിയിൽ രാത്രി നടന്ന മത്സരത്തിൽ 35 ലേറെ വിദ്യാർഥികളാണ് തല കറങ്ങി വീണത്. മത്സരം കഴിഞ്ഞ ശേഷമാണ് അവിടെയും കുട്ടികൾ കുഴഞ്ഞു വീണത്.
ആവശ്യത്തിന് വെള്ളം കുടിക്കാത്തതിനാൽ നിർജലീകരണമാണ് തളർച്ചക്ക് കാരണമാകുന്നത്. മേക്കപ്പ് ഇട്ടതിനാലും മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലുമാണ് കുട്ടികൾ വെള്ളം കുടിക്കാൻ വിമുഖത കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.