കോഴിക്കോട്: മൂന്നു നാൾ പിന്നിൽ പതുങ്ങിനിന്ന ആതിഥേയരായ കോഴിക്കോട് നാലാം നാൾ ഉയിർത്തെഴുന്നേറ്റു. 61ാമത് സ്കൂൾ കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22 വർഷത്തിന് ശേഷം സുവർണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെയും മറികടന്ന് കോഴിക്കോട് നേരിയ പോയന്റിന് മുന്നിൽ കടന്നു. 869 പോയന്റാണ് കോഴിക്കോടിന്.
തൊട്ടുപിന്നിൽ 863 പോയന്റുമായി കണ്ണൂരും ഫോട്ടോ ഫിനിഷിങ്ങിലേക്ക് അടുക്കുന്നു. രണ്ട് ദിവസവും മുന്നിലായിരുന്ന പാലക്കാട് 854 പോയന്റുമായി മൂന്നാമതാണ്. 849 പോയന്റുള്ള തൃശൂർ നാലാമതും 818 പോയന്റുള്ള മലപ്പുറം അഞ്ചാമതുമാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 409 പോയന്റുള്ള കോഴിക്കോടുതന്നെയാണ് മുന്നിൽ. 403 പോയന്റുള്ള തൃശൂരാണ് രണ്ടാമത്. പാലക്കാടിന് 403 പോയന്റുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 471 പോയന്റുള്ള കണ്ണൂർ മുന്നിൽ നിൽക്കുന്നു.
കോഴിക്കോടിന് 460 പോയന്റുണ്ട്. പാലക്കാട് 451 പോയന്റ്. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ കൊല്ലവും എറണാകുളവും ഒപ്പമാണ്. 90 പോയന്റ്. 88 പോയന്റുള്ള തൃശൂരും കോഴിക്കോടും പിന്നിലുണ്ട്. അറബിക് കലോത്സവത്തിൽ പാലക്കാടും കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. 95 പോയന്റ്. തൊട്ടുപിന്നിൽ 93 പോയന്റുമായി എറണാകുളവും മലപ്പുറവും.
ഹൈസ്കൂൾ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്റ് പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ്. 88 പോയന്റ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസാണ് മുന്നിൽ. 63 പോയന്റ്. 61 പോയന്റുമായി ആലപ്പുഴ മാന്നാർ എൻ.എസ് ബോയ്സ് എച്ച്.എസ്.എസുമുണ്ട്. അവസാന നിമിഷത്തിൽ അട്ടിമറികൾ സംഭവിക്കുമെന്നാണ് വിലയിരുത്തൽ.
പോയിന്റ് നില
1 കോഴിക്കോട് 869
2 കണ്ണൂർ 863
3 പാലക്കാട് 854
4 തൃശൂർ 849
5 മലപ്പുറം 818
6 എറണാകുളം 815
7 കൊല്ലം 789
8 തിരുവനന്തപുരം 766
9 ആലപ്പുഴ 756
10 കാസർകോട് 752
11 കോട്ടയം 751
12 വയനാട് 696
13 പത്തനംതിട്ട 672
14 ഇടുക്കി 630
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.