കൊച്ചി: കേരളത്തിന്റെ പൊതുഗതാഗത രംഗത്ത് പുതുചരിത്രംകുറിച്ച കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തുകോടി കടന്നു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സർവിസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29 വരെ യാത്ര ചെയ്തത്. ആറര വർഷംകൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. സർവിസ് ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തനച്ചെലവ് വരുമാനത്തിൽനിന്നുതന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെ.എം.ആർ.എല്ലിന് സാധിച്ചിരുന്നു. 2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കടന്നത്. ഇതിനുശേഷം ഏഴുമാസത്തിനകം 2022 ജൂലൈ 14ന് ഇത് ആറുകോടി പിന്നിട്ടിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാലുകോടിയാളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്.
2023ൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. വിദ്യാർഥികൾക്കുൾപ്പെടെയുള്ള യാത്ര പാസ്സുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ മെട്രോയിലേക്ക് ആകർഷിക്കാൻ കെ.എം.ആർ.എൽ നടത്തിയ തുടർച്ചയായ പരിശ്രമങ്ങൾ ഫലംകണ്ടെന്ന് മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റ അറിയിച്ചു. 2023 ജനുവരിയിൽ 79,130 ആയിരുന്ന പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം ഡിസംബറിൽ 94,000 ആയി ഉയർന്നു. ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടത്.
2023 ഒക്ടോബർ 21നാണ് കൊച്ചി മെട്രോയിൽ ഈ വർഷം ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത് -1,32,161 ആളുകളാണ് അന്ന് യാത്ര ചെയ്തത്. ടിക്കറ്റ് ഇനത്തിൽ ഏറ്റവുമധികം വരുമാനം നേടിയതും അന്നുതന്നെ. നിർമാണം പൂർത്തിയായി തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുകൂടി സർവിസ് ആരംഭിക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.
സാങ്കേതിക വിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവെച്ച മാതൃകയിലൂടെ കെ.എം.ആർ.എല്ലിന് പ്രവർത്തനച്ചെലവ് പിടിച്ചുനിർത്താൻ സാധിച്ചെന്ന് അധികൃതർ പറഞ്ഞു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന മഴവെള്ള സംഭരണം, സൗരോർജ പദ്ധതികൾ എന്നിവയും കൊച്ചി മെട്രോയെ വേറിട്ടതാക്കുന്നു. ഡിജിറ്റൽ ടിക്കറ്റിങ്ങിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വൺ ആപ് വഴിയുള്ള ഗ്രൂപ് ബുക്കിങ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടൻ നിലവിൽവരുമെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.