കൊച്ചി: അത്യന്തം വിനാശകാരിയായ എം.ഡി.എം.എയുടെ ഒഴുക്ക് സംസ്ഥാനത്ത് അനുസ്യൂതം തുടരുന്നു. ഒരുവശത്ത് എക്സൈസ്, പൊലീസ് തുടങ്ങിയ വകുപ്പുകൾ ഉണർന്ന് പ്രവർത്തിച്ചിട്ടും ഇതിന്റെ ഒഴുക്ക് തുടരുകയാണ്. സംസ്ഥാനത്ത് പത്തു മാസത്തിനിടെ ആറു കിലോയിലേറെ എം.ഡി.എം.എയാണ് എക്സൈസ് മാത്രം പിടികൂടിയത്.
ലഹരി വിപണിയിലിതിന് കോടികളുടെ മൂല്യം വരും. ഞായറാഴ്ച എറണാകുളം പറവൂരിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ പൊലീസ് പിടികൂടി. കഴിഞ്ഞ 29ന് കാക്കനാട്ടുനിന്ന് 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസും പിടികൂടി.
2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഏറ്റവുമധികം എം.ഡി.എം.എ പിടികൂടിയത് മാർച്ചിലാണ് -1.17 കിലോഗ്രാം. മേയിൽ 1.08 കിലോഗ്രാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടി. ഈ കാലയളവിൽ സെപ്റ്റംബറിലാണ് ഏറ്റവും കുറവ് എം.ഡി.എം.എ പിടികൂടിയത് -243 ഗ്രാം.
വയനാട്, എറണാകുളം, തിരുവനന്തപുരം, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്നാണ് എക്സൈസ് കൂടുതലായും എം.ഡി.എം.എ പിടികൂടുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വയനാട് ജില്ലയിൽനിന്ന് ജനുവരിയിൽ 254, ജൂലൈയിൽ 377, ആഗസ്റ്റിൽ 160 ഗ്രാം അളവിലാണ് പിടികൂടിയത്. ഗ്രാമിന് 3000 രൂപ മുതൽ 6000 രൂപ വരെ ഈടാക്കിയാണ് പല ഇടനില വിൽപനക്കാരും എം.ഡി.എം.എ വിൽക്കുന്നത്.
എറണാകുളം ജില്ലയിൽ കൊച്ചി നഗരം, കാക്കനാട് തുടങ്ങിയ പ്രദേശങ്ങളാണ് എം.ഡി.എം.എ പിടികൂടുന്നതിലേറെയും. നഗരത്തിലെ നക്ഷത്രഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിലേക്കും കോളജ് കാമ്പസുകളിലേക്കും മറ്റുമാണ് എക്സ്റ്റസി എന്ന പേരിൽകൂടി അറിയപ്പെടുന്ന എം.ഡി.എം.എ ഒഴുകുന്നത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീകളെക്കൂടി ഉൾപ്പെടുത്തിയാണ് ലഹരിസംഘം ഇടപാടുകൾ നടത്തുന്നതെന്ന് എക്സൈസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എളുപ്പത്തിൽ പിടികൂടാതിരിക്കാനാണിത്.
എം.ഡി.എം.എക്കൊപ്പം അപകടകാരികളായ നൈട്രാസെപാം, മെത് ആംഫിറ്റമിൻ തുടങ്ങിയവയുടെ വിപണനവും വർധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.