തിരുവനന്തപുരം: ഒരു വിഭാഗം എയ്ഡഡ് മാനേജ്മെൻറുകൾ അധികമായി കൈവശം വെച്ചിരുന്ന 10 ശതമാനം ഹയർ സെക്കൻഡറി സീറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുത്ത് ഏകജാലക പ്രവേശനത്തിനുള്ള പൊതു മെറിറ്റിൽ ലയിപ്പിച്ചു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിലാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. പ്രോസ്പെക്ടസ് വ്യവസ്ഥകൾക്ക് വിരുദ്ധമായി മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നടത്തിയാൽ പുനഃപരിശോധിക്കാനും റദ്ദാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരവും നൽകിയിട്ടുണ്ട്.
10 ശതമാനം സീറ്റ് തിരിച്ചെടുക്കാൻ പ്രോസ്പെക്ടസിൽ ഭേദഗതി കൊണ്ടുവരുമെന്ന് 'മാധ്യമം' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ/പിന്നാക്ക സമുദായ മാനേജ്മെൻറുകൾക്ക് കീഴിലുള്ള സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്മെൻറ് ക്വോട്ടയിലും 20 ശതമാനം മെറിറ്റടിസ്ഥാനത്തിൽ ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാർഥികൾക്ക് കമ്യൂണിറ്റി ക്വോട്ടയിലും പ്രവേശനം നടത്താം. മുന്നാക്ക സമുദായ മാനേജ്മെൻറുകൾ നടത്തുന്ന സ്കൂളുകളിൽ 20 ശതമാനം സീറ്റ് മാനേജ്മെൻറ് ക്വോട്ടയിലും 10 ശതമാനം മെറിറ്റടിസ്ഥാനത്തിൽ കമ്യൂണിറ്റി ക്വോട്ടയിലും പ്രവേശനം നൽകണം. സമുദായം നിർവചിക്കാത്ത സ്കൂളുകളിൽ 20 മാനേജ്മെൻറ് ക്വോട്ട സീറ്റുകൾ മാത്രമേ ഈ വർഷം മുതലുണ്ടാകൂ. കഴിഞ്ഞവർഷം വരെ ഇത്തരം സ്കൂളുകൾ അധികമായി 10 ശതമാനം സീറ്റുകൾ മാനേജ്മെൻറ് ക്വോട്ടയിൽ നികത്തിയതാണ് ഇത്തവണ തിരിച്ചെടുത്ത് മെറിറ്റിൽ ലയിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷം ഇത്തരം 76 സ്കൂളുകൾ ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചാണ് 10 ശതമാനം സീറ്റ് മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നടത്തിയത്. ഇത് മറികടക്കാനാണ് പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത് സീറ്റ് തിരിച്ചെടുത്തത്.
ഒട്ടേറെ മാനേജ്മെന്‍റുകൾ വൻ തുക വാങ്ങിയാണ് മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം നടത്തുന്നതെന്ന ആക്ഷേപം നിലനിൽക്കെയാണ് 10 ശതമാനം സീറ്റ് തിരിച്ചെടുക്കാനുള്ള പ്രോസ്പെക്ടസ് ഭേദഗതി. ഇതിന് പുറമെ ഏകജാലക പ്രവേശന പരിധിയിൽ വരാത്ത അൺ എയ്ഡഡ് സ്കൂളുകളിലെ 40 ശതമാനം സീറ്റുകളിൽ മെറിറ്റ്, 12 ശതമാനം പട്ടികജാതി, എട്ട് ശതമാനം പട്ടികവർഗം, 40 ശതമാനം മാനേജ്മെൻറ് ക്വോട്ട എന്ന രീതിയിലാണ് പ്രവേശനം നടത്തേണ്ടതെന്നും പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്.
അൺ എയ്ഡഡ് സ്കൂളുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന ഷെഡ്യൂൾ അനുസരിച്ച് മാത്രമേ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ. റാങ്ക് പട്ടിക ഗ്രേഡ് പോയൻറ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സഹിതം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.