തിരുവനന്തപുരം: 10 ലക്ഷം ജനസംഖ്യക്ക് 100 എം.ബി.ബി.എസ് സീറ്റുള്ള മെഡിക്കൽ കോളജ് എന്ന നാഷനൽ മെഡിക്കൽ കമീഷൻ റെഗുലേഷൻ വ്യവസ്ഥ എയിംസ് ഉൾപ്പെടെ ഉന്നത മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാത്തിരിക്കുന്ന കേരളത്തിന് തിരിച്ചടിയാകും. നിലവിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലായി ഈ അനുപാതത്തിലധികം എം.ബി.ബി.എസ് സീറ്റുകളുണ്ട്. സംസ്ഥാനത്തെ ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 3.34 കോടിയാണ്. നിലവിൽ ഇത് 3.57 കോടി കവിഞ്ഞെന്നാണ് ഏകദേശ കണക്ക്. 10 ലക്ഷം പേർക്ക് 100 എം.ബി.ബി.എസ് സീറ്റ് എന്ന വ്യവസ്ഥ പാലിച്ചാൽ സംസ്ഥാനത്ത് പരമാവധി അനുവദിക്കാവുന്ന സീറ്റുകൾ 3570 എണ്ണം ആയിരിക്കും. സംസ്ഥാനത്ത് നിലവിൽ 12 സർക്കാർ മെഡിക്കൽ കോളജുകളിലും 19 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലുമായി 4355 സീറ്റുകളുണ്ട്. ഇതിൽ പാലക്കാട് കരുണ മെഡിക്കൽ കോളജിലെ 100 സീറ്റ് ഒഴികെ 4255 എണ്ണത്തിലേക്കും നിലവിൽ പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്.
ദീർഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് മെഡിക്കൽ വിദ്യാഭ്യാസ, ഗവേഷണ മേഖലയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്) സംസ്ഥാനത്തും സ്ഥാപിക്കണമെന്നത്. കോഴിക്കോട് കിനാലൂരിൽ ഇതിന് ഭൂമി ഉൾപ്പെടെ സർക്കാർ കണ്ടെത്തുകയും ശ്രമങ്ങൾ തുടർന്നുവരുകയുമാണ്. ആഗസ്റ്റ് 16ന് മെഡിക്കൽ കമീഷൻ പ്രസിദ്ധീകരിച്ച അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് സംബന്ധിച്ച റെഗുലേഷനിലാണ് 10 ലക്ഷം പേർക്ക് 100 എം.ബി.ബി.എസ് സീറ്റ് എന്ന അനുപാതം ഉൾപ്പെടുത്തിയത്.
എയിംസിന് പുറമെ, കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശനം തേടുന്ന മികച്ച ആശുപത്രി ഗ്രൂപ്പുകളും നിലവിലുണ്ട്. ഇവ ഉൾപ്പെടെയുള്ളവക്കും കമീഷൻ വ്യവസ്ഥ തിരിച്ചടിയാകും. താരതമ്യേന മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായ കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകൾക്കായിരിക്കും ഇതു കൂടുതൽ ആഘാതമാവുക. കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ പിന്നിെട്ടങ്കിലും യാഥാർഥ്യമായിട്ടില്ല. കോളജിനായുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ പുതിയ വ്യവസ്ഥ കാസർകോട്, വയനാട് സർക്കാർ മെഡിക്കൽ കോളജുകൾക്ക് തടസ്സമാകില്ലെന്നാണ് ആരോഗ്യവകുപ്പിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.