തിരുവനന്തപുരം: ചോദ്യങ്ങൾ തെറ്റിയതോടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ മത്സരപരീക്ഷകളിൽനിന്ന് പി.എസ്.സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32 ഉത്തരങ്ങളും. മേയിൽ നടത്തിയ 13 പരീക്ഷകളിലെയും ജൂണിലെ 11 പരീക്ഷകളിലെയും ചോദ്യങ്ങളാണ് ഉദ്യോഗാർഥികളുടെ പരാതിയെ തുടർന്ന് കൂട്ടത്തോടെ ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ടവയിൽ മൂന്നുഘട്ടങ്ങളിലായി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയിലെ 31 ചോദ്യങ്ങളും ഉൾപ്പെടുന്നു.
മേയിൽ നടന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ പരീക്ഷയിലെ 25 ചോദ്യങ്ങളും ജൂൺ 20ന് നടന്ന ലബോറട്ടറി ടെക്നീഷ്യൻ/ അസി. ഫാർമസിസ്റ്റ് പരീക്ഷയിലെ 11 ചോദ്യങ്ങളും പ്ലാനിങ് ബോർഡിലെ റിസർച് അസിസ്റ്റന്റ് പരീക്ഷയിലെ എട്ടു ചോദ്യങ്ങളും കെ.എഫ്.സി അസി. മാനേജർ, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ അസി. റെക്കോഡിസ്റ്റിലെ ആറ് ചോദ്യങ്ങളും , ജല അതോറിറ്റി സാനിറ്ററി കെമിസ്റ്റ് പരീക്ഷയിലെ ആറ് ചോദ്യങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ, പി.എസ്.സി പ്രസിദ്ധീകരിച്ച പ്രാഥമിക ഉത്തരസൂചികയിൽ തെറ്റുകണ്ടെത്തിയതിനെ തുടർന്ന് 32 ചോദ്യങ്ങളുടെ ഉത്തരങ്ങളും തിരുത്തി.
എൽ.ഡി ക്ലർക്ക് പരീക്ഷയിലെ ചോദ്യപേപ്പറിൽ ഒരേ ചോദ്യം രണ്ടു തവണയാണ് ആവർത്തിച്ചത്. 2024ലെ ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏത്? എന്ന ചോദ്യമാണ് രണ്ടിടത്തു വന്നത്. രണ്ടു ചോദ്യങ്ങൾക്കും താഴെ നൽകിയ നാല് ഓപ്ഷനുകളിൽ മൂന്നെണ്ണം വ്യത്യസ്തവും ശരിയുത്തരം രണ്ടിലും നൽകുകയും ചെയ്തു.
ഓരോ പരീക്ഷക്കും പരീക്ഷാ കൺട്രോളറാണ് ചോദ്യകർത്താക്കളെ നിശ്ചയിക്കുന്നത്. പരീക്ഷാ സിലബസിന് അനുസരിച്ച് ചോദ്യപേപ്പറുകൾ തയാറാക്കി ഇവർ പി.എസ്.സിക്ക് നൽകും. പരീക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ വിദഗ്ധർ നൽകിയ ചോദ്യപേപ്പറുകൾ പി.എസ്.സി ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. പകരം നേരെ അച്ചടിക്ക് വിടുകയാണ് പതിവ്. അച്ചടിക്ക് വിട്ട നിരവധി ചോദ്യപേപ്പറുകളിൽ ഏതെങ്കിലും ഒരു ചോദ്യപേപ്പർ മാത്രമാണ് പരീക്ഷക്കായി തെരഞ്ഞെടുക്കുന്നത്.
പരീക്ഷ ഹാളിൽ ഉദ്യോഗാർഥിയുടെ കൈയിൽ എത്തുമ്പോൾ മാത്രമാണ് ചോദ്യപേപ്പറിലെ തെറ്റുകൾ പി.എസ്.സിയും അറിയുന്നത്. പരാതികൾ വ്യാപകമായതോടെ തെറ്റുകൾ ഒഴിവാക്കാൻ പരമാവധി ജാഗ്രത കാണിക്കണമെന്ന് ചോദ്യകർത്താക്കളോട് നിർദേശം നൽകിയതായി പി.എസ്.സി അധികൃതർ വ്യക്തമാക്കി. അതേസമയം, എഴുത്തു പരീക്ഷകളിൽ ചോദ്യങ്ങൾക്കു താഴെ നൽകുന്ന ഓപ്ഷനിൽ ശരിയുത്തരം നൽകാത്തതു കാരണം റദ്ദാക്കേണ്ടി വന്ന ചോദ്യങ്ങളുടെ എണ്ണം അറിയാൻ നൽകിയ വിവരാവകാശ അപേക്ഷക്കും നാളിതുവരെ പി.എസ്.സി മറുപടി നൽകിയിട്ടില്ല.
വിവരം ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ജീവനക്കാരുടെ ദൗർലഭ്യവും ജോലിഭാര കൂടുതലുമാണ് ഇതിന് പിന്നിലെ കാരണമായി പി.എസ്.സി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ജീവനക്കാരുടെ ദൗർലഭ്യവും ജോലിഭാരവും വിവരങ്ങൾ നിഷേധിക്കാനുള്ള മതിയായ കാരണങ്ങൾ അല്ലെന്ന കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവ് നിലനിൽക്കെ പി.എസ്.സിയുടെ നീതിനിഷേധത്തിനെതിരെ വിവരാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.