വ്യാജ രേഖകളുണ്ടാക്കി സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ടിൽനിന്ന് 11 ലക്ഷം തട്ടിയെടുത്തു; രണ്ടുപേർ പിടിയിൽ

കൽപറ്റ: സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാൾ സ്വദേശികളെ വയനാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കു സമീപത്തെ ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈൻ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരാണ് പിടിയിലായത്.

സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയുടെ അക്കൗണ്ടിൽനിന്നാണ് പണം തട്ടിയെടുത്തത്. ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബംഗാളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഒ.ടി.പി ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന സിം കാർഡിന്‍റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെന്‍ററിൽനിന്ന് ഉടമയുടെ വ്യാജ ആധാർ കാർഡ് സമർപ്പിച്ച് കരസ്ഥമാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.

പിന്നാലെ ഉടമയുടെ വ്യക്തി വിവരങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് വഴി പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി എ.ടി.എം വഴി പിൻവലിക്കുകയായിരുന്നു. രണ്ട് മാസത്തെ അന്വേഷണത്തിലാണ് സൈബർ പൊലീസ് 150ഓളം സിം കാർഡുകളും 50ഓളം ഫോണുകളും വിവിധ അക്കൗണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബർ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുന്നത്.

എല്ലാ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും വ്യാജ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാണ് സംഘം നേടിയത്. തപോഷ് ദേബ് നാഥ് എന്നയാളാണ് വ്യാജ രേഖകൾ ഉണ്ടാക്കി നൽകിയിരുന്നത്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതോടെയാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - 11 lakh was stolen from the account of a private hospital; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.