തിരുവനന്തപുരം: ക്ഷേമ പെൻഷൻ നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപവത്കരിച്ച പെൻഷൻ കമ്പനി 11,373 കോടി രൂപ കടത്തിൽ. 6.85 ശതമാനം മുതൽ 10 ശതമാനം വരെ പലിശക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സഹകരണ കൺസോർട്യത്തിൽനിന്നുമെടുത്ത വായ്പയാണ് തിരിച്ചടക്കാനുള്ളത്. സംസ്ഥാനത്തെ 50.57 ലക്ഷം ഗുണഭോക്താക്കൾക്ക് പെൻഷനുള്ള സാമ്പത്തിക സമാഹരണം നടത്തുന്നതിന് 2018-2019 സാമ്പത്തികവർഷത്തിലാണ് പെൻഷൻ കമ്പനി രൂപവത്കരിച്ചത്. തുടക്കത്തിൽ അതത് മാസം തന്നെ പെൻഷൻ വിതരണം നടന്നുവെങ്കിലും പിന്നീട് കുടിശ്ശികയായി. ഒടുവിൽ ഓണത്തിന് തൊട്ടുമുമ്പ് രണ്ട് മാസത്തെ പെൻഷൻ നൽകിയെങ്കിലും ഇപ്പോഴും രണ്ടുമാസത്തെ കുടിശ്ശികയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കും പെൻഷൻ കുടിശ്ശികക്കും പുറെമയാണ് കമ്പനിയുടെ കടത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നത്.
കെ.എസ്.എഫ്.ഇ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (കെ.എസ്.ബി.സി), കേരള മോട്ടോർ തൊഴിലാളി ക്ഷേമ നിധി ബോർഡ്, സഹകരണ കൺസോർട്യം, കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) എന്നിവിടങ്ങളിൽ നിന്നാണ് പെൻഷൻ കമ്പനി വായ്പയെടുത്തിട്ടുള്ളത്. വായ്പ കാലാവധി അവസാനിക്കുന്ന മുറക്കോ അല്ലെങ്കിൽ സ്ഥാപനം വായ്പ തിരിച്ചടവ് ആവശ്യപ്പെടുന്ന സമയത്തോ ആണ് തിരിച്ചടവ് തുടങ്ങുകയെന്നാണ് വായ്പയെക്കുറിച്ച് സർക്കാർ വിശദീകരിക്കുന്നത്.
ക്ഷേമ പെൻഷനുകൾക്ക് വക കണ്ടെത്തുന്നതിനായി പെട്രോൾ-ഡീസൽ വിലയിൽ ഏപ്രിൽ ഒന്നു മുതൽ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഇനത്തിൽ കഴിഞ്ഞ് നാലുമാസംകൊണ്ട് ഖജനാവിലെത്തിയത് 260.56 കോടിയാണ്. ഈ സാമ്പത്തികവർഷം 750 കോടിയാണ് ഈ ഇനത്തിലെ വരവ് പ്രതീക്ഷിക്കുന്നതെങ്കിലും പൊതുവിലെ ഇന്ധന വിൽപനയിലുണ്ടായ ഇടിവ് ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. 21.20 കോടി ലിറ്ററായിരുന്നു ഏപ്രിൽമാസത്തെ സംസ്ഥാനത്തെ പെട്രോൾ വിൽപനയെങ്കിൽ ജൂലൈയിൽ ഇത് 20.07 കോടിയായി ഇടിഞ്ഞു.
സാമ്പത്തിക പരാധീനതക്ക് കേന്ദ്രവിഹിതകാര്യത്തിലെ കേന്ദ്രസർക്കാർ നിലപാടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 50 ലക്ഷത്തോളം പേർക്ക് സംസ്ഥാനസർക്കാർ പെൻഷൻ നൽകുമ്പോൾ ഇതിൽ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം മാത്രമാണ്. അതും സമയത്ത് കിട്ടാറില്ല. കേന്ദ്ര വിഹിതം കൂടി ൈകയിൽ നിന്നിട്ട് 1600 രൂപ തികച്ച് പെൻഷൻ കൊടുത്ത ഇനത്തിൽ ഇനിയും കേന്ദ്രത്തിൽനിന്ന് പണം കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.