കോഴിക്കോട്: നഗരത്തിലെ സാധാരണക്കാരുടെ ആശ്രയമായ കോഴിക്കോട് ജില്ല ജനറൽ (ബീച്ച്) ആശുപത്രിയിൽ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഈ മാസം ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് അനുവദിച്ചത്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് അടക്കം വിവിധ പദ്ധതികളിൽനിന്ന് ആശുപത്രിക്ക് സർക്കാറിൽനിന്ന് 12 കോടിയോളം രൂപ ലഭിക്കാനുള്ളപ്പോഴാണ് ഫണ്ടില്ലാതെ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത്. ആശുപത്രി വികസനസമിതിക്ക് കീഴിൽ നിയമിതരായവർക്കാണ് ശമ്പളം ലഭിക്കാത്തത്. വികസന സമിതിയുടെ മറ്റ് പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ശമ്പളം ചോദിക്കുന്ന ജീവനക്കാർക്കു മുന്നിൽ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലർത്തുകയാണ് ആശുപത്രി അധികാരികൾ.
സുരക്ഷാ ജീവനക്കാർ, ക്ലീനിങ് തൊഴിലാളികൾ, അറ്റൻഡർ, ലാബ് ടെക്നീഷ്യൻമാർ, നഴ്സിങ് അസിസ്റ്റന്റ് തുടങ്ങിയ തസ്കികകളിൽ നിയമനം ലഭിച്ചവർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. തുച്ഛമായ ശമ്പളത്തിൽ തൊഴിലെടുക്കുന്ന ജീവനക്കാർ ശമ്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കുട്ടികൾക്ക് സ്കൂൾ ഫീസും ബസ് ഫീസും അടക്കാൻ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് തങ്ങളെന്ന് ജീവനക്കാർ പറയുന്നു.
ലോൺ തിരിച്ചടവ് മുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ ആശുപത്രിൽനിന്ന് ലീവെടുത്ത് കൂലിപ്പണിക്ക് പോവേണ്ട ഗതികേടിലാണ് തങ്ങളെന്നും ഇവർ കൂട്ടിച്ചേർത്തു.
ആശുപത്രിയിലെ 50 എൻ.എച്ച്.എം കരാർ ജീവനക്കാർക്കും മേയ് മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. സ്റ്റന്റ് വിതരണക്കാർക്ക് കുടിശ്ശിക അനുവദിക്കാത്തതിനെ കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ബീച്ച് ആശുപത്രിയിലേക്ക് വിതരണം നിർത്തലാക്കി.
ഇതോടെ ബീച്ച് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയകളും നിർത്തിവെച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.