മെസേജിന്​ പിന്നാലെ ഉപകരണങ്ങൾ കത്തിയ സംഭവം; കാര്യമായത് 13കാരന്‍റെ വികൃതി

കൊട്ടാരക്കര: മാസങ്ങളായി നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയ സംഭവങ്ങൾക്ക് പിന്നിൽ 13കാരന്‍റെ വികൃതിയെന്ന് കണ്ടെത്തി. മൊബൈൽ ഫോൺ വഴി മെസേജ് വരുന്നതിന്​ പിന്നാലെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് കുട്ടിക്കളിയാണ് കാര്യമായി മാറിയതെന്ന് വ്യക്തമായത്.

വീട്ടിൽ നടക്കുന്ന സംഭവങ്ങൾ മുൻകൂട്ടി വാട്സ്ആപിൽ സന്ദേശമായി വന്നിരുന്നത് വീട്ടുകാരെ ഏറെ ഭീതിയിലാക്കിയിരുന്നു. വാട്സ്ആപ് ഹാക്ക് ചെയ്ത് ശത്രുക്കൾ ആരോ ചെയ്യുകയാണെന്നാണ്​ വീട്ടുകാർ സംശയിച്ചിരുന്നത്. എന്നാൽ, മൊബൈലിൽ നിന്ന് സന്ദേശം അയച്ചിരുന്നത് 13കാരനായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുടെ ഫോണുകൾ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു കുട്ടിയുടെ പ്രവൃത്തി.

വീട്ടിലെ ഫാൻ കറങ്ങുമെന്നും മോട്ടോർ പ്രവർത്തിക്കുമെന്നും മൊബൈലിൽ സന്ദേശം എത്തുന്ന മുറക്ക് കുട്ടി തന്നെ ഇതെല്ലാം പ്രവർത്തിപ്പിക്കും. വീട്ടിലെ വയറിങ് മൂന്ന് തവണ കത്തിപ്പോയ​താണ് സംശയം​ കൂട്ടിയത്​​. എന്നാൽ, വയറിങ് കാലപ്പഴക്കം മൂലമാണ്​ കത്തിയതെന്നും കുട്ടിക്ക്​ പങ്കില്ലെന്നുമാണ്​ പൊലീസ്​ പറയുന്നത്​.


എന്നാൽ, വീട്ടിൽ അടിക്കടി വൈദ്യുതി ഉപകരണങ്ങൾ നശിക്കുന്നതും അതിന്​ തൊട്ടുമുമ്പ്​​ സന്ദേശം എത്തിയതിലും പൊലീസ്​ ഇപ്പോഴും മൗനം പാലിക്കുന്നു. വൈദ്യുതി ഉപകരണങ്ങൾ നശിപ്പിക്കുന്നതിൽ കുട്ടിക്ക് പങ്കില്ലെന്ന് പൊലീസ്​ പറയുമ്പോഴും സന്ദേശം എത്തി അവ കത്തുന്ന സംഭവം ഉണ്ടായതായി വീട്ടുകാർ പറയുന്നതിലെ വൈചിത്ര്യം തെളിഞ്ഞിട്ടില്ല.

വീട്ടുകാരെ അമ്പരപ്പിക്കുന്നതിനുവേണ്ടി ചെയ്തതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. മറ്റുനമ്പരുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുൻകൂട്ടി ഓൺ ചെയ്തശേഷം ഇപ്പോൾ നിറയുമെന്നു സന്ദേശം നൽകുക, വൈദ്യുതി ഇപ്പോൾ പോകുമെന്ന സന്ദേശം നൽകിയശേഷം ബ്രേക്കറുകൾ ഓഫ് ചെയ്യുക, സ്വിച്ച് ബോർഡിൽ വയറുകൾ ഷോർട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങൾ തകരാറിലാക്കുകയും മുൻകൂട്ടി സന്ദേശം അയയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു വികൃതികൾ. കുട്ടി ഒറ്റക്കാണ് ഇതെല്ലാം ചെയ്തതെന്നും പ്രചോദനമൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.

കുട്ടിക്ക് കൗൺസലിങ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു. 

Tags:    
News Summary - 13 year old boy behind kottarakkara incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.