മരുന്ന് വിൽപന 13000 കോടി; പരിശോധന 10 ശതമാനം

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് ഉപഭോഗം നടക്കുന്ന സംസ്ഥാനമാണെങ്കിലും മരുന്നുകളുടെ ഗുണനിലവാര പരിശോധന പ്രഹസനം. മതിയായ പരിശോധന സൗകര്യങ്ങളില്ലാതായതോടെ വ്യാജ മരുന്നുകളും ഗുണനിലവാരമില്ലാത്ത മരുന്നുകളും വ്യാപകമായി ഒഴുകുകയാണ്.

അലോപ്പതി മരുന്നുകളുടെ കാര്യത്തിൽ മാത്രം 10000-13000 കോടിയിലേറെ രൂപയുടെ വാർഷിക വിൽപനയാണ് നടക്കുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.77 ശതമാനം മാത്രമുള്ള കേരളത്തിലാണ് ദേശീയ മരുന്ന് വിൽപനയുടെ 10-13 ശതമാനവും നടക്കുന്നതെന്നാണ് കണക്കുകൾ.

സംശയമുള്ളവയുടെയും പരാതിയുള്ളവയുടെയും സാമ്പ്ളെടുക്കാനുള്ള മനുഷ്യവിഭവശേഷിപോലും ഡ്രഗ് കൺട്രോൾ വിഭാഗത്തിനില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. വിവിധ ബ്രാൻഡുകളുടെ മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്നുകൾ പരിശോധിക്കാൻ സംസ്ഥാനത്ത് ആകെയുള്ളത് 47 ഡ്രഗ് ഇൻസ്പെക്ടർമാരാണ്. പ്രതിമാസം നടക്കുന്ന പരിശോധനകളാകട്ടെ 1000ൽ താഴെയും.

മരുന്നുനിർമാണശാലകളിൽ തന്നെയുള്ള ഗുണനിലവാര പരിശോധന വിഭാഗത്തിലെ ഡ്രഗ് കൺട്രോൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട് എന്നതാണ് നേരിയ ആശ്വാസം.

ഇതാകട്ടെ കമ്പനി താൽപര്യങ്ങൾക്കനുസരിച്ചാകും പ്രവർത്തിക്കുക. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കുടിൽവ്യവസായങ്ങളുടെ സ്വഭാവത്തിലാണ് നിർമാണം നടക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഗുണനിലവാര പരിശോധനയുടെ അഭാവം ആശങ്കപ്പെടുത്തുന്നു.

ശരിയായ അളവിലെ രാസച്ചേരുവകളില്ലാത്തതും ഗുണമേന്മ കുറഞ്ഞതുമായ മരുന്നുകൾ വിപണിയിലേക്കെത്തുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

സംസ്ഥാനത്ത് 25000ഓളം ഡ്രഗ്സ് ലൈസൻസുകളുടെ ഔഷധവ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അലോപ്പതി മരുന്നുകൾ സംഭരണം നടത്തി രോഗികൾക്ക് നൽകുന്നതും എന്നാൽ, നിയമാനുസൃതമായ ലൈസൻസുകൾക്ക് ഒഴിവ് ലഭിച്ചതുമായ രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരുടെ നിരവധി ക്ലിനിക്കുകളും വേറെ.

ഡ്രഗ്സ് കൺട്രോൾ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ട സർക്കാർ ആശുപത്രികൾ, വെറ്ററിനറി ആശുപത്രി സ്റ്റോറുകൾ, ഇ.എസ്.ഐ സ്റ്റോറുകൾ, റെയിൽവേ ആശുപത്രികൾ എന്നിവ സംസ്ഥാനത്ത് ഒട്ടനവധിയാണ്.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ ചട്ടം 51 പ്രകാരം ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങളും വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കണമെന്നിരിക്കെ നിലവിലെ അവസ്ഥയിൽ ഇത് തീർത്തും അസാധ്യമാണെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടും അനുകൂല നടപടികളുണ്ടായിട്ടില്ല.

Tags:    
News Summary - 13000 crores in drug sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.