തിരുവനന്തപുരം: സിവിൽ സൈപ്ലസ് കോർപറേഷന് (സൈപ്ലകോ) സർക്കാർ നൽകാനുള്ള 1524 കോടി അടിയന്തരമായി അനുവദിക്കണമെന്ന് മന്ത്രിസഭയോഗത്തിൽ ഉന്നയിച്ച് മന്ത്രി ജി.ആർ. അനിൽ. തുക അനുവദിച്ചില്ലെങ്കിൽ സൈപ്ലകോ പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. ഒന്നും രണ്ടും പിണറായി സർക്കാറിന്റെ കാലത്ത് വിപണി ഇടപെടലിനായി ചെലവഴിച്ച 1524 കോടി രൂപയാണ് സൈപ്ലകോക്ക് ലഭിക്കാനുള്ളത്. മന്ത്രി അനിൽ സൈപ്ലകോ പ്രതിസന്ധി ഉന്നയിച്ചതിന് പിന്നാലെ ഉച്ചഭക്ഷണ പദ്ധതിയിനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പിന് ലഭിക്കാനുള്ള തുക അടിയന്തരമായി അനുവദിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടിയും ആവശ്യപ്പെട്ടു.
200 കോടിയോളം രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിക്കാനുള്ളത്. സാമ്പത്തികബാധ്യത ഏൽക്കേണ്ടിവന്ന പ്രധാനാധ്യാപകരുടെ സംഘടന കോടതിയെ സമീപിച്ചതും ശിവൻകുട്ടി യോഗത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു.
ഉച്ചഭക്ഷണത്തിനായി കുട്ടികൾക്ക് അനുവദിക്കുന്ന വിഹിതം കാലോചിതമായി പരിഷ്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടുതൽ മന്ത്രിമാർ തങ്ങളുടെ വകുപ്പുകൾ നേരിടുന്ന ധനപ്രതിസന്ധി ഉന്നയിക്കുന്നതിന് മുമ്പ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. സൈപ്ലകോക്ക് നൽകാനുള്ള തുക ന്യായമാണെന്നും അത് നൽകേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.