ഇടമുറിയാത്ത രക്ഷാ പ്രവർത്തനം; രണ്ട് ദിവസത്തിനിടെ രക്ഷിച്ചത് 1592 പേരെ

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മുണ്ടക്കൈയിലും ചൂരൽമലയിലും രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവർത്തനത്തിൽ രക്ഷിച്ചത് 1592 പേരെ. ആദ്യ ഘട്ടത്തിൽ ദുരന്തമുണ്ടായതിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണുള്ളത്.

ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങിപ്പോയവരുമായ 1386 പേരെ രണ്ട് ദിവസത്തിനകം രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച എട്ട് ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്.

അതേസമയം ഇരുനൂറിലേറെ പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. ഇരുനൂറോളം പേർ പരിക്കേറ്റ് ചികിത്സയിലുണ്ട്. 225 പേരെ കാണാനില്ലെന്നും റവന്യൂ വകുപ്പിന്‍റെ കണക്കുകളിൽ പറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ശക്തമാണ്. നാശനഷ്ടം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. 

Tags:    
News Summary - 1592 rescued from landslide hit Mundakkai and Chooralmala in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.