കോഴിക്കോട് : അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസറുടെ കാര്യാലയത്തിലെ ബാങ്ക് അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുന്നത് 1,74, 36, 927 രൂപയെന്ന് ധനകാര്യ റിപ്പോർട്ട്. ഓഫിസിൽ നടത്തിയ പരിശോധയിലാണ് കണ്ടെത്തിയത്. പട്ടികവർഗ വകുപ്പും ഗ്രാമവികസന വകുപ്പും സംയോജിത നിലയിൽ പ്രവർത്തിച്ച കാലത്ത് തുടങ്ങിയ അക്കൗണ്ടാണിത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ വികസനത്തിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ അനുവദിച്ച തുകയാണിത്. ഈ അക്കൗണ്ട് ക്ലോസ് ചെയ്യണമെന്നും തുക സർക്കാറിലേക്ക് തിരിച്ചടക്കണമെന്നുമാണ് റിപ്പോർട്ടിലെ ശിപാർശ. ആദിവാസികൾക്ക് മതിയായ ഭക്ഷണം ലഭിക്കാതെ ശിശുമരണം നേരിടുന്ന അട്ടപ്പാടിയിലാണ് 1.74 കോടി രൂപ നിഷ് ക്രിയമായി കിടക്കുന്നത്.
ഐ.ടി.ഡി.പി കാര്യാലയത്തിൽ നടത്തിയ പരിശോധനയിൽ അംബേദ്കർ സെറ്റിൽമെൻറ് വികസന പദ്ധതിയിൽ ചിണ്ടക്കി, കാവുണ്ടിക്കൽ, വീട്ടിക്കുണ്ട്, ഊരുകളിലെ പ്രവർത്തികൾ പൂർത്തീകരിച്ചതിന്റെ അവസാന ബിൽ, ഭൂതി വഴി, കള്ളക്കര എന്നിവിടങ്ങളിലെ ഭാഗിക ബിൽ എന്നിവക്കായി 1.20 കോടി രൂപ നൽകി.
ഇത് പട്ടികവർഗ ഡയറക്ടറുടെ 2012 മാർച്ച് 19ലെ ഉത്തരവിന്റെ ലംഘനമാണ്. ഐ.ടി.ഡി.പി ഓഫീസർ ഒരു കോടി രൂപ മറികടക്കുന്നതിനായി 60 ലക്ഷം വീതമുള്ള രണ്ട് ബില്ലുകളായി ജില്ലാ നിർമിതി കേന്ദ്ര അനുവദിച്ചു. ഇത് തെറ്റായ നടപടിയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ വിശദീകരണം വാങ്ങി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
2022 ജനുവരി 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല ആസൂത്രണ സമിതിയിൽ പട്ടികവർഗ വകുപ്പിന്റെ അടിയ- പണിയ പാക്കേജിൽ താൽക്കാലിക പാലം നിർമിക്കാൻ തീരുമാനിച്ചു. പ്രാക്തന ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന ഭവാനി പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന പുതൂർ ഗ്രാമ പഞ്ചായത്തിലെ കിണറ്റുകര, മുരുഗള കോളനി നിവാസികൾക്ക് അപകട രഹിതമായി യാത്ര ചെയ്യുന്നതിനായി താൽക്കാലിക പാലം നിർമിക്കാനാണ് തീരുമാനിച്ചത്.
പാലം നിർമാണത്തിനായി അട്ടപ്പാടി കോപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയിൽ നിന്നും 29,98,665 രൂപയുടെ എസ്റ്റിമേറ്റ് വാങ്ങി. 2022ഫെബ്രുവരി ഒന്നിലെ ഐ.ടി.ഡി.പി ഓഫീസറുടെ കത്ത് പ്രകാരം പട്ടിക വർഗ വകുപ്പ് ഡയറക്ടർക്ക് അംഗീകാരത്തിനായി സമർപ്പിച്ചു. ഡയറക്ടറുടെ 2022 ഫെബ്രുവരി എട്ടിലെ ഉത്തരവ് പ്രകാരം 30 ലക്ഷം രൂപ അനുവദിച്ചു. ഈ തുകയിൽ നിന്നും ഐ.ടി.ഡി.പി ഓഫീസറുടെ 2022 മാർച്ച് 16 ലെ ഉത്തരവ് പ്രകാരം 6,52,000 രൂപയും 23 ലെ ഉത്തരവ് പ്രകാരം 1,80,2500 രൂപയും അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റി (എ.സി.എഫ്.എസ്) സെക്രട്ടറിക്ക് കൈമാറി.
യഥാർഥത്തിൽ അഗളി എ.സി.എഫ്.എസ് സിവിൽ വർക്ക് ചെയ്യാറുള്ള ഒരു ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയോ ഒരു അക്രഡിറ്റഡ് ഏജൻസിയോ അല്ല. അവർക്ക് പ്രീ- ക്വാളിഫിക്കേഷനുമില്ല. കാർഷിക മേഖലയിൽ പ്രവർത്തനം നടത്തുന്നതിനാണ് ഫാമിങ് സൊസൈറ്റി രൂപീകരിച്ചത്. അതിനാൽ നിർമാണ പ്രവർത്തനം ഏറ്റെടുക്കാൻ സൊസൈറ്റിക്ക് കഴിയില്ല. 2022 ഏപ്രിൽ 22ന് നിർമാണം ആരംഭിച്ചു. സൊസൈറ്റിക്ക് മുൻകൂറായി 24,54,500 രൂപ അനുവദിച്ചത് ഉദ്യോഗസ്ഥന് സംഭവിച്ച വീഴ്ചയാണ്. ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.