കരിപ്പൂർ റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയേറ്റെടുക്കും; നഷ്ടപരിഹാരം ദേശീയപാത മാതൃകയിൽ

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ഭൂമിയേറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. ദേശീയപാതക്ക് ഭൂമിയേറ്റെടുത്ത മാതൃകയിൽ ഈ ഭൂമിക്ക് നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവള അതോറിറ്റിയിൽനിന്ന്​ പുതിയ നിർദേശങ്ങൾ വൈകുന്നതിനാൽ സ്ഥലമേറ്റെടുക്കലുമായി മുന്നോട്ട്​ പോകാൻ സാധിക്കുന്നില്ലെന്ന്​ റവന്യൂ മന്ത്രി കെ. രാജൻ നേരത്തെ നിയമസഭയിൽ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുക്കലിനായി നേരത്തേ ഉത്തരവുകൾ ഇറക്കിയെങ്കിലും വിവിധ കോണുകളിൽനിന്നുള്ള എതിർപ്പിന്‍റെ അടിസ്ഥാനത്തിൽ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നത്. കരിപ്പൂരിലെ സ്ഥലമേറ്റെടുപ്പ് ഓഫിസ്​ കഴിഞ്ഞ മേയ്​ 31ഓടെ നിർത്തലാക്കിയെങ്കിലും പ്രതിഷേധ​ത്തെ തുടർന്ന്​ മരവിപ്പിക്കുകയായിരുന്നു. ഒക്ടോബർ 18ന്​ മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ കരിപ്പൂരിൽ നടന്ന യോഗത്തിൽ റൺവേ വികസനം കൂടി ഉൾപ്പെടുത്തിയുള്ള ഭൂമി ഏ​റ്റെടുക്കലാണ്​ ആവശ്യമെന്ന്​ തീരുമാനിക്കുകയായിരുന്നു.

2016ൽ റൺവേ വികസനം, പുതിയ ടെർമിനൽ, പാരലൽ ടാക്സി വേ, ഏപ്രൺ എന്നിവക്കായി 485 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്​ ഇറക്കിയിരുന്നു. 2020ൽ കാർ പാർക്കിങ്​ സൗകര്യങ്ങൾ വികസിപ്പിക്കാൻ 15.5 ഏക്കർ ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും വിജ്ഞാപനം ഇറക്കി. എന്നാൽ, പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന്​ നടപടികളുമായി മുന്നോട്ട്​ പോകാൻ സാധിച്ചില്ലെന്ന് മ​ന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചിരുന്നു.

Tags:    
News Summary - 18.5 acres of land will be acquired for the Karipur runway development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.