വഖഫ് ബോര്‍ഡാണ് സംഘ്പരിവാറിന് ഇടം ഉണ്ടാക്കിക്കൊടുക്കുന്നത്-വി.ഡി. സതീശൻ

പാലക്കാട് : വഖഫ് ബോര്‍ഡാണ് സംഘ്പരിവാറിന് ഇടം ഉണ്ടാക്കിക്കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നോട്ടീസ് കൊടുക്കുന്നതും ബി.ജെ.പി നേതാക്കള്‍ അവിടെ പോയി വര്‍ഗീയത ആളിക്കത്തിക്കുന്നതും ധാരണയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഒരു അറേഞ്ച്‌മെന്റാണിത്. വഖഫിന് എതിരായ നീക്കമാക്കി മാറ്റാന്‍ ഈ സര്‍ക്കാര്‍ ബി.ജെ.പിക്ക് അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാവുന്ന മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. വിഷയം വിവാദമായി ഇരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് വയനാട്ടിലും തളിപ്പറമ്പിലും ചാവക്കാടും നോട്ടീസ് നല്‍കിയത്. വഖഫ് നോട്ടീസ് നല്‍കുന്നതിന്റെ പിറ്റേ ദിവസം ബി.ജെ.പി നേതാക്കള്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്.

അച്യുതാനന്ദന്‍ സര്‍ക്കാര്‍ 2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മിറ്റി 2010 ല്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമയില്‍ ക്ലെയിം ഉന്നയിക്കാന്‍ മന്ത്രിസഭയും തീരുമാനിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. എന്നാല്‍ പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം 2022-ല്‍ നിലവിലെ വഖഫ് ബോര്‍ഡ് നികുതി വാങ്ങരുതെന്ന് റവന്യൂ ബോര്‍ഡിനോട് നിർദേശിച്ചത്. അതിന്റെ മുഴുവന്‍ രേഖകളുമുണ്ട്.

വിവാദമായപ്പോള്‍ പിന്‍വലിക്കാന്‍ വഖഫ് സെക്രട്ടറിയോട് വഖഫ് മന്ത്രി നിർദേശിച്ചു. എന്നാല്‍ അത് എഴുതിത്തരണമെന്ന് വഖഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ മന്ത്രി എഴുതിക്കൊടുത്തില്ല. പിന്നീട് നിര്‍ദ്ദേശം പിന്‍വലിച്ചു. പിന്‍വലിച്ചതിനു പിന്നാലെ വഖഫ് മന്ത്രിക്ക് ബന്ധമുള്ള ആളെക്കൊണ്ട് കോടതയില്‍ കേസ് കൊടുപ്പിച്ചു. അവര്‍ രണ്ടു പേരും ഒന്നിച്ചിരിക്കുന്ന ഫോട്ടോ എന്റെ കൈയയിലുണ്ട്.

രണ്ട് മതങ്ങള്‍ തമ്മിലടിക്കുന്നതിനു വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സി.പി.എം ചൂട്ടുപിടിച്ചു കൊടുന്നതു കൊണ്ടാണ് അതേക്കുറിച്ച് പറയാത്തത്. മന്ത്രി ഇങ്ങോട്ട് എന്തെങ്കിലും ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാം. ആളുകളുടെ കണ്ണില്‍ പൊടിയിടുന്നതിനു വേണ്ടിയാണ് നികുതി സ്വീകരിക്കേണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിച്ചതിന്റെ പിറ്റേ ദിവസം വഖഫ് മന്ത്രിയുടെ നിർദേശപ്രകാരമാണ് അയാളെക്കൊണ്ട് കേസ് കൊടുപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.  

Tags:    
News Summary - Waqf Board makes room for Sangh Parivar-vd satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.