തിരുവനന്തപുരം: മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പുരോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം ധനസഹായം നൽകുന്ന ‘ആശ്വാസകിരണം’ പദ്ധതി വീണ്ടും അവതാളത്തിൽ. പദ്ധതിപ്രകാരം സർക്കാർ നൽകിവരുന്ന 600 രൂപ പ്രതിമാസ ധനസഹായമാണ് 19 മാസമായി കുടിശ്ശികയായത്. ഇതോടെ ദുരിതത്തിലാണ് മിക്കവരുടെയും ജീവിതം.
2021 ആഗസ്റ്റിനു ശേഷം ധനസഹായ വിതരണം നടത്തിയിട്ടില്ല. 38,104 ഗുണഭോക്താക്കളാണ് ആശ്വാസകിരണം പദ്ധതി ഗുണഭോക്താക്കളായി പട്ടികയിലുള്ളത്. 19 മാസത്തെ കുടിശ്ശികയിനത്തിൽ 434 കോടിയോളം രൂപയാണ് വിതരണം ചെയ്യേണ്ടത്. പദ്ധതിക്കായി 2022-23 സാമ്പത്തിക വർഷത്തിൽ 42.5 കോടി രൂപ ചെലവിടാൻ ഭരണാനുമതി കിട്ടിയിരുന്നു. അതിൽ 10 ജില്ലകളിൽ 2021 ആഗസ്റ്റ് വരെയും നാല് ജില്ലകളിൽ 2021 ജൂലൈ വരെയുമായി 24.99 കോടി രൂപ വിതരണം ചെയ്തു. അതിനു ശേഷം 2023 ഏപ്രിൽ വരെ തുക വിതരണം ചെയ്തിട്ടില്ല. ഈസ്റ്റർ-വിഷു-റമദാൻ എന്നീ ആഘോഷങ്ങൾ ഒരുമിച്ച് വന്നതോടെ മറ്റ് ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ സർക്കാർ ഉത്തരവായെങ്കിലും ആശ്വാസകിരണത്തിൽ അർഹരായവർക്ക് സർക്കാറിൽനിന്ന് ഒരാശ്വാസവും ഇല്ലെന്ന് പരാതിയുണ്ട്.
മാത്രമല്ല, ക്ഷേമപെൻഷൻ 1600 രൂപ നൽകുമ്പോൾ മുഴുസമയപരിചാരകരായി വീടുകളിൽ കഴിയുന്ന ഇവർക്ക് നൽകുന്നത് 600 രൂപ മാത്രം. 2010ൽ പദ്ധതി ആരംഭിക്കുമ്പോൾ 250 രൂപയായിരുന്നു. തുക വർധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് ധനസഹായം നൽകുന്നതിന് തടസ്സമില്ലെന്നും എന്നാൽ, മാനദണ്ഡം ലഘൂകരിച്ചതോടെ അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായവർധനയാണ് ധനസഹായം മുടങ്ങാൻ കാരണമായതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇക്കാര്യം വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് സാമൂഹിക സുരക്ഷ മിഷൻ നൽകിയ മറുപടിയിലും വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.