അങ്കമാലി ടൗണിൽ ടാങ്കർ ലോറി ഓട്ടോയിൽ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു

അങ്കമാലി: ടൗണിൽ ഓട്ടോയുടെ പിന്നിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് ഓട്ടോ യാത്രികരായ രണ്ട് സ്ത്രീകൾ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി ഐമുറി മണിയച്ചേരി വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ ( 77 ), പെരുമ്പാവൂർ കൂവപ്പടി തൊടാപ്പറമ്പിൽ ചിന്നന്‍റെ (ചിന്നൻകുട്ടി) ഭാര്യ ബീന ( 40 ) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും കാൽനടയാത്രികരായ രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും പരിക്കേറ്റു. മൂവരും അപകടനില തരണം ചെയ്തു. റോഡരികിൽ നിർത്തിയ ഓട്ടോയിൽ നിന്നിറങ്ങുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്. ഓട്ടോ ഡ്രൈവർ പെരുമ്പാവൂർ മുടിക്കൽ എടയത്ത് വീട്ടിൽ ഇ.പി. ലാലുവിനെ ( 52 ) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും കാൽ നടയാത്രികാരായിരുന്ന അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർമാരായ കൊട്ടാരക്കര സ്വദേശി ടി. സിനി ( 48 ), പുനലൂർ സ്വദേശി എൻ.എസ്. അനിൽകുമാർ ( 47 ) എന്നിവരെ പ്രാഥമിക ചികിത്സക്കു ശേഷം തിരുവനന്തപുരം ഗവ. ഫോർട്ട് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ 6.15ഓടെ പഴയ നഗരസഭ കാര്യാലയത്തിന് സമീപമായിരുന്നു അപകടം. അങ്കമാലിയിലെ പ്രമുഖവസ്ത്ര വ്യാപാര സ്ഥാപനത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന കാന്‍റീൻ തൊഴിലാളികളാണ് മരിച്ചവർ. പതിവ് പോലെ ദേശീയപാതയിൽ കിങ്ങിണി ഗ്രൗണ്ടിന് സമീപം ഓട്ടോയിൽ നിന്നിറങ്ങുന്നതിനിടെ അതിവേഗത്തിലെത്തി ടാങ്കർ നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിച്ച് കയറുകയായിരുന്നു. ഓട്ടോക്ക് അരികിൽ നിൽക്കുകയായിരുന്ന സ്ത്രീകളെയും ഇടിച്ചു തെറിപ്പിച്ചു.

അവർ 10 മീറ്ററോളം ദൂരെ ഷോപ്പിങ് കോംപ്ലക്സിൽ തലതല്ലി വീണു. ദേഹത്ത് ടാങ്കർ കയറിയിറങ്ങിയതായും പറയുന്നു. ചോരവാർന്നൊഴുകിയ ഇരുവരും തൽക്ഷണം മരിച്ചു. നിയന്ത്രണം വിട്ട ടാങ്കർ പഴയ നഗരസഭ കാര്യാലയത്തിന്‍റെ വാഹന പാർക്കിങ് എരിയയിലെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ ഓട്ടോ കറങ്ങിത്തിരിഞ്ഞ് തലകീഴായി ദൂരെ വീണെങ്കിലും ഓട്ടോയുടെ ഉള്ളിൽപ്പെട്ടതിനാൽ ലാലുവിന്‍റെ ജീവൻ തിരിച്ചു കിട്ടി. അപകടത്തിൽപെട്ട സിനിയുടെ കാൽമുട്ടിനും മറ്റും ഗുരുതര പരിക്കുള്ളതിനാൽ ശസ്ത്രക്രിയക്ക് വിധേയമാക്കും.

മരിച്ച ബീന അയ്യമ്പുഴ ചുള്ളി പുത്തേൻ കുടുംബാംഗം യാക്കൂബിന്‍റെയും മറിയാമ്മയുടെയും മകളാണ്. മക്കൾ: അഞ്ജന, അമൽ (ഇരുവരും വിദ്യാർഥികൾ). എൻ.സി.പി വനിത വിഭാഗമായ (എൻ.എം.സി) ജില്ല പ്രസിഡന്‍റ് ജോളി ആന്‍റണിയുടെ മാതാവാണ് മരിച്ച ത്രേസ്യാമ്മ. മറ്റ് മക്കൾ: ബാബു, പരേതരായ സെബാസ്റ്റ്യൻ, വർഗീസ്, വത്സല. മരുമക്കൾ: ഷൈനി, ആന്‍റണി, ഓമന.

അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഉച്ചക്ക് 1.15ഓടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ടോടെ ഇടവക ദേവാലയങ്ങളിൽ സംസ്കരിക്കും. അപകടത്തിനിയാക്കിയ ടാങ്കർ ലോറിയും ജീവനക്കാരായ കൊച്ചി കരുവേലിപ്പടി സ്വദേശിയായ ഡ്രൈവറെയും അന്തർസംസ്ഥാന തൊഴിലാളിയായ സഹായിയെയും അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    
News Summary - 2 killed in tanker lorry-auto collision in Ankamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.